ലണ്ടനിൽ ചികിത്സക്ക് പോയി മടങ്ങിവരുമ്പോൾ ദോഹയിലെത്തിയ വി.എസ്. അച്യുതാനന്ദനെ
അന്നത്തെ സംസ്കൃതി നേതാക്കൾ സന്ദർശിച്ചപ്പോൾ
ദോഹ: കേരളത്തിലെ സാധാരണ ജനങ്ങളോടും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളോടും ജനകീയ സമരങ്ങളോടും ചേര്‍ന്നുനിന്ന വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസലോകം. കേരളത്തിലെ ഒരേടിനാണ് വി.എസിന്റെ നിര്യാണത്തോടെ തിരശ്ശീല വീഴുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലുള്ള സേവനങ്ങളും ജനകീയ സമരങ്ങളിലെ മാതൃകപരമായ ഇടപെടലുകളും എക്കാലവും എല്ലാ മലയാളികളുടെയും ഓർമയിലുണ്ടാകും.
ഖത്തറിലെ വിവിധ പ്രവാസിക്കൂട്ടായ്മകളും സ്ഥാപനങ്ങളും വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1999 ൽ ലണ്ടനിൽ ചികിത്സക്ക് പോയി തിരികെവരുമ്പോൾ ദോഹയിലെത്തിയപ്പോഴുള്ള ഒർമകൾ സംസ്കൃതി മുൻ പ്രസിഡന്റ് അഹമ്മദ് കുട്ടി ഓർത്തെടുത്തു. അദ്ദേഹത്തെ സന്ദർശിച്ച സംസ്കൃതി ഭാരവാഹികളോടൊപ്പം ഒന്നിച്ചിരുന്ന് സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്തതും തമാശകൾ പങ്കുവെച്ചതും അദ്ദേഹം ഓർമിച്ചെടുത്തു. രാവിലെ ദോഹയിലെത്തിയ അദ്ദേഹം രാത്രിയോടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തതായും അഹമ്മദ് കുട്ടി പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മിറ്റി പ്രസിഡന്റ്പി.പി. സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, ട്രഷറർ മജീദ് ചിത്താരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. പുന്നപ്രയിലും വയലാറിലും സമരോത്സുക നായകനായിരുന്ന വി.എസ് കേരളത്തിന്റെ ശക്തനായ പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. അഴിമതിയുടെ കറപുരളാത്ത, നിലപാടിൽ കാർക്കശ്യം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.
ഉജ്ജ്വല സമരപാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന, സി.പി.എമ്മിന്റെ സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസിന്റെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. സംസ്കൃതിയുടെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദമായിരുന്നു അദ്ദേഹം. ഖത്തർ സന്ദർശിച്ച അവസരത്തിൽ സംസ്കൃതിക്ക് ആശംസകളും ആശീർവാദങ്ങളും നൽകിയാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി സംസ്കൃതി ഖത്തർ അറിയിച്ചു.
പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തില്‍ ഹരിതരാഷ്ട്രീയം അടയാളപ്പെടുത്തിയ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് മാത്രമേ വി.എസ് പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നുള്ളൂ. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തില്‍ ഭൂമി കൈയേറ്റം നിയമപ്രശ്നങ്ങളോടൊപ്പം, വലിയൊരു പരിസ്ഥിതി നാശത്തിലേക്ക് കൂടിയാണ് കേരളത്തിനെ നയിക്കുന്നതെന്ന കാര്യം ജനങ്ങളിലേക്കെത്തിച്ചു. വി.എസിന്റെ പോരാട്ട സ്മരണകൾ രാഷ്ട്രീയ കേരളത്തിൽ ജ്വലിച്ചുനിൽക്കുമെന്ന് അനുശോചനക്കുറിപ്പിൽ ഐ.എം.എഫ് ഖത്തർ പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ആശയങ്ങളോടുള്ള അർപ്പണബോധവും കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകൾക്കപ്പുറം അദ്ദേഹത്തെ ജനകീയനാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലുള്ള സേവനങ്ങളും ജനകീയ സമരങ്ങളിലെ മാതൃകപരമായ ഇടപെടലുകളും എക്കാലവും കേരള ജനത ഓര്‍ക്കുമെന്നും പ്രവാസി വെല്‍ഫെയര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ദോഹ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തരായ നേതാക്കളിലൊരാളും കേരള രാഷ്ട്രീയത്തിലെ അതികായനുമായ മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ നോർക്ക ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ അനുശോചനം രേഖപ്പെടുത്തി. അരികുവത്കരിക്കപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടി നിലകൊണ്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.
സത്യത്തിന്റെ പാത എത്ര ദുർഘടമായാലും അതിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് പ്രഖ്യാപിച്ച വി.എസ്, ജീവിതത്തിലുടനീളം രാഷ്ട്രീയവും ഭരണവും നീതിയിലും മൂല്യങ്ങളിലുംനിന്നുണ്ടാവണമെന്ന് പഠിപ്പിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ, ഒരു വിപ്ലവയുഗം അവസാനിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിനും സഹപ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും ജെ.കെ. മേനോൻ അനുശോചനക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.