'നക്ഷത്രങ്ങൾ കരയാറില്ല' ഡോക്യൂ-ഡ്രാമ പെരുന്നാൾ ദിനത്തിൽ വീണ്ടുമെത്തുന്നു

ദോഹ: ബിലാൽ ഇബ്നു റബ്ബാഹിൻെറ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'നക്ഷത്രങ്ങൾ കരയാറില്ല' ഡോക്യൂ-ഡ്രാമ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. തനിമ ഖത്തറും യൂത്ത്ഫോറം ഖത്തറും സംയുക്തമായാണ് പ്രശസ്ത ഡോക്യൂ-ഡ്രാമയുടെ പുനരാവിഷ്കാരം ഓൺലൈനിലൂടെ അവതരിപ്പിക്കുന്നത്. ബലിപെരുന്നാൾ ദിനത്തിൽ വൈകീട്ട് ഏഴു മണിക്ക് യൂത്ത് ഫോറത്തിൻെറയും തനിമയുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ആയിട്ടാണ് പ്രോഗ്രാം ഉണ്ടാവുക.

ഉസ്മാൻ മാരാത്ത് രചനയും രംഗഭാഷ്യവുമൊരുക്കിയ 'നക്ഷത്രങ്ങൾ കരയാറില്ല' ഡോക്യൂ-ഡ്രാമ 2012 മേയിലാണ് ആദ്യമായി അരങ്ങിലെത്തിയത്. അറേബ്യൻ അടിമത്തത്തിൻെറ കഥയിൽ തുടങ്ങി പ്രവാചകൻെറ നിയോഗവും അടിമത്തത്തിനെതിരിൽ ഇസ്‌ലാമിൻെറ ആദർശപോരാട്ടം വിജയം വരിക്കുമ്പോൾ കറുത്ത അടിമയായിരുന്ന ബിലാൽ വിജയപ്രഖ്യാപനം നടത്തുന്ന ചരിത്രത്തിൻെറ കാവ്യനീതിയും, പ്രവാചകൻെറ വിയോഗം അനുചരരിൽ തീർത്ത ദുഃഖവും 'നക്ഷത്രങ്ങൾ കരയാറില്ല' മനോഹരമായി അവതരിപ്പിച്ചു. മൂന്നു സ്​റ്റേജുകളിലായി അറേബ്യൻ പാരമ്പര്യത്തിൻെറയും ഒരു സമൂഹത്തിൻെറ അതിജീവനത്തിൻെറയും രംഗങ്ങൾ പകർത്തിയപ്പോൾ, ദോഹയിലെ അമ്പതോളം പ്രവാസി മലയാളി കലാകാരന്മാരാണ് അരങ്ങിലെത്തി അവക്ക്​ ജീവൻപകർന്നത്.

കൂടാതെ അണിയറയിൽ നാടക, സംഗീത, സിനിമ പ്രവർത്തകരും ഈ അവതരണത്തിന് മിഴിവേകാൻ ഒത്തുചേർന്നു.ജമീൽ അഹമ്മദ്, പി.ടി. അബ്​ദുറഹ്മാൻ, കാനേഷ് പൂനൂർ, ഖാലിദ് കല്ലൂർ എന്നിവരുടെ വരികൾക്ക് ഷിബിലി, അമീൻ യാസിർ, അൻഷദ് എന്നിവർ സംഗീതം നൽകി, പ്രമുഖ ഗായകരായ അൻവർ സാദാത്ത്, അരുൺ കുമാർ, അൻഷദ്, നിസ്താർ ഗുരുവായൂർ എന്നിവർ ആലപിച്ച ഡോക്യൂ ഡ്രാമയിലെ ഒമ്പതോളം ഗാനങ്ങൾ ദൃശ്യങ്ങൾക്ക് പുതുജീവൻ നൽകി. സിംഫണി ദോഹ നിർവഹിച്ച ശബ്​ദവും വെളിച്ചവും നാടകത്തി​െൻറ മാറ്റുകൂട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മൈതാനിയിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനംനിറച്ചാണ് ഒരു കാലഘട്ടത്തി​െൻറ കഥപറഞ്ഞ നാടകത്തിന്​ തിരശ്ശില വീണത്.

ഒരിക്കൽക്കൂടി കാണാൻ പ്രേക്ഷകർ കൊതിരിച്ചിരുന്ന ഡോക്യൂ-ഡ്രാമയുടെ ആദ്യത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയ വിഷ്വലുകൾ കൂടി ഒരുക്കിക്കൊണ്ടാണ് ഇത്തവണ ഓൺലൈനിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ബലിപെരുന്നാൾ ദിനത്തിൽ കുടുംബ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

Tags:    
News Summary - ‘The Stars Don’t Cry’ is back on Docu-Drama Festival Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.