ഹുർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിൽ -ഖത്തർ

ദോഹ: ഹുർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും ഒമാനും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ പുരോ​ഗതിയുണ്ടെന്നും ഖത്തർ. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന കരാറിലെത്താനുമുള്ള ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.

പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് സമാധാന -മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി അദ്ദേഹം പങ്കുവെച്ചത്. മേഖലയുടെ സുരക്ഷ എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനായി പരസ്പര സഹകരണവും ഏകോപനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹുർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദത്തിനോ വിലപേശലിനോ ഉള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

മധ്യസ്ഥരെന്ന നിലയിൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം ഹുർമുസ് കടലിടുക്ക് എത്രയും വേഗം വീണ്ടും തുറക്കുക എന്നതാണ്, ഇക്കാര്യത്തിൽ ഉണ്ടാകുന്ന ഏത് കാലതാമസവും ആശങ്കയുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഹുർമുസ് കടലിടുക്കിനെ പൂർവ്വസ്ഥിതിയിലാക്കുകയും സ്വാതന്ത്ര്യ കപ്പൽഗതാഗതം ഉറപ്പാക്കുകയും വേണം. ഗൾഫ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഏകകണ്ഠമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ​ഗസ്സയിലെ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിലും പുരോഗതിയുണ്ടായതായി മാജിദ് അൽ അൻസാരി വിശദാകരിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേലിന്റെ അക്രമങ്ങൾക്കും നിലപാടുകൾക്കുമെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന നടപടികൾ ഒഴിവാക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - ഹുർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് ഖത്തർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.