ജീവിതശൈലി രോഗങ്ങൾ; ഐ.എം.ബി ബോധവത്കരണ ക്ലാസ്
ദോഹ: പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗപ്രതിരോധത്തിൽ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഖ്ത ഇസ് ലാഹി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ യുണീഖ് ഖത്തർ ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത് മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണങ്ങൾ, അവഗണനയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ ആവശ്യകത, ഫലപ്രദമായ പ്രതിരോധ -നിയന്ത്രണ മാർഗങ്ങൾ എന്നിവ അദ്ദേഹം വിശദമായി അവതരിപ്പിച്ചു.
ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, കൃത്യമായ ആരോഗ്യപരിശോധന, ജീവിതശൈലിയിലെ ആവശ്യമായ മാറ്റങ്ങൾ എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. രോഗം വന്നശേഷമുള്ള ചികിത്സയ്ക്കപ്പുറം രോഗപ്രതിരോധത്തിന് മുൻഗണന നൽകുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന സന്ദേശം. തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ പ്രവർത്തകർ സജീവമായി പങ്കെടുത്തു. ഡോ. ഹാഷിയത്തുള്ള സ്വാഗതം പറഞ്ഞു. ക്യു.ഐ.ഐ.സി പ്രസിഡന്റ് ഇസ്മായിൽ വല്യപള്ളി പ്രഭാഷകൻ നിസാർ ചെറുവത്തിന് ഉപഹാരം കൈമാറി. ഫായിസ് അലിയും അഖിൽ മുഹമ്മദും പരിപാടികൾ നിയന്ത്രിച്ചു. ഷനീബ് അരീക്കോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.