വേനലവധിയെത്തുന്നു; നാട്ടിലേക്ക് പറക്കാനൊരുങ്ങി പ്രവാസികൾ

ദോഹ: ജൂൺ മാസം പിറന്നതിനു പിന്നാലെ അവധിക്കാലത്തിനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ. ജൂണ്‍ 15 മുതലാണ് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ മധ്യവേനല്‍ അവധി തുടങ്ങുന്നത്. കോവിഡും, ലോകകപ്പ് ഫുട്ബാളും കഴിഞ്ഞ് ഏറെ ആശ്വാസത്തോടെ വേനലവധി ആരംഭിക്കുന്നുവെന്നതാണ് ഇത്തവണ​ത്തെ സവിശേഷത.

ചൂട് വർധിക്കുന്നതിനൊപ്പം രണ്ടു മാസം അവധി കൂടിയായതോടെ കുടുംബ സമേതം അവധിയെടുത്ത് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 26 വരെയാണ് വേനല്‍ അവധി. 27 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പുനരാരംഭിക്കും. അതേസമയം അധ്യാപകര്‍ക്ക് ജൂണ്‍ 22 വരെ ജോലി തുടരണം. ആഗസ്റ്റ് രണ്ടാം വാരത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും വേണം.

എം.ഇ.എസ് ഉള്‍പ്പെടെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും ഈ അധ്യയന വര്‍ഷത്തെ ആദ്യ ടേം പരീക്ഷകള്‍ ഇപ്പോൾ നടക്കുകയാണ്. രണ്ടാം വാരത്തോടെ പരീക്ഷ കഴിയുമ്പോൾ നാട്ടിലേക്കുള്ള മടക്കത്തിന് പെട്ടി ഒരുക്കുകയായി. വേനലവധി വേളയിൽ വാർഷിക അവധി ഇല്ലാത്ത രക്ഷിതാക്കൾക്ക് സന്തോഷം പകരുന്നതാണ് വരാനിരിക്കുന്ന ബലി പെരുന്നാൾ.

ജൂൺ അവസാനത്തിലെ പെരുന്നാളിന്റെ ഭാഗമായി സർക്കാർ മേഖലയിൽ 10 ദിവസം അവധിയുണ്ടാവും. അനുബന്ധ സ്ഥാപനങ്ങളും മറ്റും സമാന അവധി നൽകുന്നതിനാൽ രക്ഷിതാക്കൾക്കും പെരുന്നാൾ ആ​ഘോഷത്തിന് നാട്ടിലേക്ക് പറക്കാം.

സ്കൂൾ അടക്കുമ്പോൾ വാർഷികാവധി പ്ലാൻ ചെയ്യുന്ന രക്ഷിതാക്കളാണ് ഏറെയും. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനാൽ ഇവർക്ക് നിലവിലെ ടിക്കറ്റ് നിരക്ക് വർധനയുടെ ഇരുട്ടടിയിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ കഴിയും.

അതേസമയം, ജൂ​ൺ മൂന്നാം വാരത്തിലെ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ കുതിച്ചുയരുകയാണ്. നിലവിൽ, 1800 റിയാൽ മുതലാണ് ഒരു വശത്തേക്ക് മാത്രമുള്ള ടിക്കറ്റുകൾ. ഭാര്യയും മക്കളുമൊന്നിന്ന് വാർഷികാവധിക്ക് മടങ്ങുന്നവർക്ക് നേരത്തെ ഒന്നിച്ച് ബുക്ക് ചെയ്താൽ മാത്രമേ യാത്രാചിലവ് താങ്ങാൻ കഴിയൂ എന്നതാണ് നിലവിലെ അവസ്ഥ.

ഖത്തറിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കിയതിനു പിന്നാലെ മക്കളുടെ ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്നവരുമുണ്ട്. കോളജ് പ്രവേശന സമയമായതിനാൽ പ്രവാസി രക്ഷിതാക്കൾക്ക് നെട്ടോട്ടത്തിന്റെ സമയം കൂടിയാണ്.

ഒരു വിഭാഗം അവധിക്കായി നാട്ടിലേക്ക് മടങ്ങുമ്പോൾ, ഹ്രസ്വകാല അവധിക്ക് ജോര്‍ജിയ, ലണ്ടന്‍ തുടങ്ങി വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നവരും, ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് സാമ്പത്തിക ബാധ്യത കൂട്ടുമെന്നതിനാല്‍ അവധിക്കാലം ദോഹയില്‍ തന്നെ ചെലവിടുന്നവരുമുണ്ട്.

Tags:    
News Summary - Summer vacation coming-Expatriates ready to fly back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.