ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെയും കിന്റർ ഗാർട്ടനുകളിലെയും ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി ഓഡിറ്റ് പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, പ്രാഥമികാരോഗ്യ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സന്ദർശനങ്ങൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യ സംരക്ഷണ ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതി. ആരോഗ്യ പ്രവർത്തകരിൽ പ്രഫഷനലിസം വളർത്തുക, സ്വകാര്യ സ്കൂളുകളിലും കിന്റർ ഗാർട്ടനുകളിലും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുക, സ്കൂൾ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം ഉറപ്പാക്കുക എന്നിവ ഇതുവഴി ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗങ്ങൾ ആരോഗ്യ, പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിൽ കാര്യക്ഷമമായ പങ്കുവഹിക്കാൻ സാധിക്കുന്നവയാണെന്നും പരിശോധനയിൽ ഉറപ്പാക്കും. കഴിഞ്ഞ വർഷം പകുതിയിൽ വിവിധ പങ്കാളികളുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും നാല് വർഷ സമയപരിധിയിൽ ഇവ നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.