അധ്യയന വർഷാരംഭം; സുരക്ഷാ സംവിധാനങ്ങളൊരുക്കി അഷ്ഗാൽ

ദോഹ: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ സംവിധാനങ്ങളൊരുക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. 53 സ്കൂളുകളുടെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതടക്കം രാജ്യത്തെ 669 സ്കൂളുകളിൽ സുരക്ഷാ സംവിധാനങ്ങളും വികസന പ്രവർത്തനങ്ങളും സജ്ജീകരിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂൾ സമയങ്ങളിൽ ​വിദ്യാർഥികളെയും കാൽനടക്കാരെയും സുരക്ഷിതരാക്കുക, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യംവെക്കുന്നത്.

അഗ്നിസുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക, വിദ്യാഭ്യാസ, വിനോദ, കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 140 സ്കൂളുകൾ നവീകരിക്കാനും അഷ്ഗാൽ ലക്ഷ്യമിടുന്നു. കൂടാതെ ഏഴ് സ്കൂളുകൾ ആഗോള നിലവാരത്തിൽ പുനർനിർമിക്കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 53 സ്കൂളുകളിൽ വിപുലമായ വികസന, നവീകരണ പ്രവർത്തനങ്ങൾ നടത്തിയതായി ബിൽഡിങ് പ്രോജക്ട്സ് വിഭാഗത്തിലെ പ്രോജക്ട് എൻജിനീയർ ദാന സഈദ് അൽ സയാരി വിശദീകരിച്ചു. അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതിനും കെട്ടിടങ്ങളുടെ സൗകര്യങ്ങളും കാര്യക്ഷമതയും പഠനാന്തരീക്ഷ നിലവാരവും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും ഇതിൽപ്പെടുന്നു.​

2013ൽ ആരംഭിച്ച സ്കൂൾ സോൺ സുരക്ഷാ പ്രോഗ്രാമിന്റെ തുർച്ചയായി 673 സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകൾ റോഡ് സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എൻജിനീയർ അബ്ദുല്ല അൽ മറാഹി പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിനുമായി കഴിഞ്ഞ മാസങ്ങളിൽ അഷ്ഗൽ വിവിധ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കുക, സ്കൂൾ പ്രവേശന കവാടങ്ങളിൽ വേഗത കുറക്കുന്നതിന് സ്പീഡ് ബമ്പുകളും കാൽനട ക്രോസിങ്ങുകളും ഉറപ്പാക്കുക എന്നിവ ഇതിൽപ്പെടുന്നു.

Tags:    
News Summary - Start of the academic year; Ashghal prepares security measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.