സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേള സമാപിച്ചു; 1.83 ലക്ഷം കിലോ വിൽപ്പന, 1.1 ലക്ഷം സന്ദർശകർ

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫും സംയുക്തമായി സംഘടിപ്പിച്ച 11ാമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം. ജൂലൈ 25 മുതൽ ആഗസ്റ്റ് 10 വരെ നടന്ന മേളയിൽ വലിയ ജനപങ്കാളിത്തവും റെക്കോർഡ് വിൽപ്പനയുമാണ് രേഖപ്പെടുത്തിയത്. വിവിധ ഇനങ്ങളിലായി ആകെ 1,83,268 കിലോ ഈത്തപ്പഴമാണ് വിറ്റഴിച്ചത്. ഏകദേശം 1.10 ലക്ഷം പേർ ഈത്തപ്പഴ മേള സന്ദർശിച്ചു.

ഖലാസ് (78,194 കിലോ), ഷിഷി (34,673 കിലോ), ഖുനൈസി (34,336 കിലോ), ബർഹി (22,404 കിലോ), മറ്റു ഇനങ്ങൾ (13,661 കിലോ) എന്നിങ്ങനെയാണ് വിവിധ ഈത്തപ്പഴ ഇനങ്ങൾ വിറ്റുപോയത്. ഖത്തറിന്റെ കാർഷിക പാരമ്പര്യം അടുത്തറിയുന്നതിനും കർഷകരിൽ നിന്ന് നേരിട്ട് ഈത്തപ്പഴങ്ങൾ വാങ്ങുന്നതിനും സന്ദർശകർക്ക് മികച്ച അവസരമാണ് മേള ഒരുക്കിയത്.

114 ഈത്തപ്പഴ ഫാമുകളും, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന 11 മറ്റ് പഴവർഗ്ഗ ഫാമുകളും ഇത്തവണത്തെ മേളയിൽ പങ്കാളികളായി. പ്രവാസി മലയാളികൾ അടക്കം സ്വദേശികളും താമസക്കാരും കുടുംബസമേതം മേള സന്ദർശിക്കാനെത്തി. വിവിധ ഇനം ഈത്തപ്പഴ ശേഖരവും വൈവിധ്യമാർന്ന ഈത്തപ്പഴ ഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ഇവ വാങ്ങുന്നതിനൊപ്പം രുചിച്ചു നോക്കാൻ കൂടി അവസരമുള്ളത് വേറിട്ട അനുഭവമാണെന്നും മേളയിലെത്തിയ സന്ദർശകർ പങ്കുവെച്ചു.

ഖത്തറിലെ പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും, കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനും, വിപണിയിൽ പ്രാദേശിക ഉൽപന്നങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈത്തപ്പഴ മേള വലിയ പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.

മേള സമാപിച്ചെങ്കിലും, ഉപഭോക്താക്കൾക്ക് പ്രാദേശിക ഈത്തപ്പഴങ്ങൾ ലഭ്യമാക്കുന്നതിനായി മുസുസിപ്പാലിറ്റി മന്ത്രാലയം പ്രധാന ഷോപ്പിങ് മാളുകളുമായി സഹകരിച്ച് വിപണനം തുടരുന്നുണ്ട്. വില്ലാജിയോ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, ലാൻഡ്മാർക്ക് എന്നീ മാളുകളിൽ ആഗസ്റ്റ് 15 വരെ ഈത്തപ്പഴങ്ങൾ ലഭ്യമായിരിക്കും. മേളയുടെ വിജയത്തിനായി സഹകരിച്ച കർഷകർക്കും, സൂഖ് വാഖിഫ് മാനേജ്‌മെന്റിനും, മറ്റ് പങ്കാളികൾക്കും മുനിസിപ്പാലിറ്റി മന്ത്രാലയം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.