സൂഖ് എക്വസ്ട്രിയൻ ഫെസ്റ്റിൽ മൂന്ന് വയസ്സ് വിഭാഗത്തിൽ ഒന്നാമതെത്തിയ കുതിരയായ അരീബ് അൽ നാസറിന്റെ ഉടമ ശൈഖ് നവാഫ് ബിൻ നാസർ ആൽഥാനി ട്രോഫി ഏറ്റുവാങ്ങുന്നു
ദോഹ: രണ്ടുമാസം മുമ്പ് കളിയുത്സവങ്ങളുടെ ആഘോഷ വേദിയായി ലോകശ്രദ്ധ നേടിയ സൂഖ് വാഖിഫിൽ ഇപ്പോൾ അശ്വ സൗന്ദര്യ കാഴ്ചകളാണ്. ലോകത്തെതന്നെ ശ്രദ്ധേയരായ അറേബ്യൻ കുതിരകളുടെ സൗന്ദര്യവും കരുത്തും പ്രദർശിപ്പിക്കുന്ന എക്വസ്ട്രിയൻ ഫെസ്റ്റിവലിന്റെ ആഘോഷത്തിലമർന്ന് സൂഖ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. നാലാമത് സൂഖ് വാഖിഫ് ഇന്റർനാഷനൽ അറേബ്യൻ എക്വസ്ട്രിയൻ ഫെസ്റ്റിവലിനാണ് ദോഹയിൽ തുടക്കമായത്. ഖത്തറിനു പുറമെ, സൗദി അറേബ്യ, കുവൈത്ത്, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നുള്ള കുതിരകളും പങ്കെടുക്കുന്നുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍നിന്നായി 58 കുതിരകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ എഡിഷനുകളേക്കാള്‍ പങ്കാളിത്തമാണ് ഇത്തവണയുള്ളത്. സൂഖിന്റെ പടിഞ്ഞാറ് ഭാഗത്താണ് മേള നടക്കുന്നത്.
സൈനിക ബാന്‍ഡിന്റെ മനോഹര സംഗീത വിരുന്നോടെയാണ് മേളക്ക് തുടക്കമായത്. വിവിധ പ്രായവിഭാഗങ്ങളിലുള്ള കുതിരകളുടെ സൗന്ദര്യവും കരുത്തും പ്രകടമാവുന്നതാണ് മത്സരങ്ങൾ. തല, കഴുത്ത്, നെഞ്ച്, കൈകാലുകള്‍, നടത്തം, ചടുലത തുടങ്ങി വിവിധ ഘടകങ്ങള്‍ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെ പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫിസിലെ സംഘാടക കമ്മിറ്റിയാണ് ഇക്വസ്ട്രിയന്‍ ഫെസ്റ്റിവലിന് ചുക്കാന്‍പിടിക്കുന്നത്. മേളയുടെ ആദ്യദിനം മുതല്‍തന്നെ മികച്ച സന്ദര്‍ശക പങ്കാളിത്തമുണ്ട്. ഈ മാസം 28 വരെയാണ് ഫെസ്റ്റിവല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.