ദോഹ: പുകവലിച്ചുതള്ളുന്ന കാര്യത്തിൽ അറബ് രാജ്യങ്ങളിൽ ഖത്തർ മറ്റുള്ളവരേക്കാൾ പിന്നിലെന്ന് റിപ്പോർട്ട്. ലോകം അന്താരാഷ്ട്ര പുകവലിവിരുദ്ധ ദിനം ആചരിക്കുന്ന വേളയിൽ ഫിച്ച് സൊലൂഷൻസ് പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം ഓരോ വർഷവും മറ്റ് അറബ് രാജ്യങ്ങൾ പുകവലിക്കായി ചെലവഴിക്കുന്നത് ഖത്തറിനേക്കാൾ വലിയ തുകകൾ.
ജോർഡൻ പ്രതിവർഷം 120.5 ദശലക്ഷം ഡോളറാണ് പുകയില ഉൽപന്നങ്ങൾക്കായി ചെലവഴിക്കുന്നത്. ഈജിപ്ത് 86.7 ദശലക്ഷം ഡോളറും സൗദി 68.1 ദശലക്ഷം ഡോളറും യു.എ.ഇ 43 ദശലക്ഷം ഡോളറും ചെലവഴിക്കുന്നു. കുവൈത്തിൽ ഇത് 31.3 ദശലക്ഷം ഡോളറാണ് പുകവലിക്കായി തള്ളുന്നത്. എന്നാൽ, പട്ടികയിൽ ഏറെ പിന്നിലുള്ള ഖത്തറിൽ 22.6 ദശലക്ഷം ഡോളറാണെന്ന് കണക്കുകൾ പറയുന്നു.
പുകവലി നിയന്ത്രണത്തിനായി നിരവധി നടപടികൾ സ്വീകരിക്കുന്ന രാജ്യം എന്ന നിലയിൽ ഖത്തറിന് അഭിമാനം നൽകുന്നതാണ് ‘ഫിച്ച് സൊലൂഷൻസിന്റെ’ റിപ്പോർട്ട്. ലോകകപ്പ് വേളയിൽ കളിയിടവും ഫാൻസോണും പുകവലിരഹിതമാക്കി മാറ്റാനുള്ള ഖത്തറിന്റെ പദ്ധതികൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു.
പുകയില ഉൽപന്നങ്ങളുടെ നിർമാണത്തിനോ ഉൽപാദനത്തിനോ ഒരുതരത്തിലും പ്രോത്സാഹനം നൽകാത്ത രാജ്യംകൂടിയാണ് ഖത്തർ. ഇക്കാര്യം, കഴിഞ്ഞ ദിവസം ഹമദ് മെഡിക്കൽ കോർപറേഷൻ പുകവലി നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. അഹമ്മദ് അൽ മുല്ലയും വ്യക്തമാക്കി. പുകവലി ഒഴിവാക്കാൻ പ്രത്യേക ക്ലിനിക്കുകൾ സജീവമാക്കുകയും, അന്താരാഷ്ട്ര കരാറുകളിൽ ഇതിന് പ്രോത്സാഹനം നൽകാനും ഖത്തർ പരിശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു ഡിജിറ്റൽ ടാക്സ് സ്റ്റാമ്പില്ലാത്ത പുകയില ഉൽപന്നങ്ങൾ ഷോപ്പുകളിൽ വിൽക്കരുതെന്ന് ജനറൽ ടാക്സ് അതോറിറ്റി ഉത്തരവിറക്കിയത്. 2019ലെ പൊതു ബജറ്റിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നം എന്ന നിലയിൽ സെലക്ടീവ് ടാക്സും പുകയില ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്നു. 100 ശതമാനമാണ് പുകയില ഉൽപന്നങ്ങൾക്കുള്ള ടാക്സ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.