ഖത്തർ ഫൗണ്ടേഷൻ 30ാം വാർഷികാഘോഷ ചടങ്ങിൽ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസറും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും പങ്കെടുക്കുന്നു.
ദോഹ: മണ്ണിലേക്ക് താഴ്ന്നുകിടക്കുന്ന മൂന്ന് തടികൾ. അവയിൽനിന്ന് പടർന്ന് പന്തലിച്ച ചില്ലകളിലായി പച്ചപ്പണിഞ്ഞ് ഒരു സിദ്റ മരം. മുദ്രയിലെ അടയാളം പോലെതന്നെയാണ് ഖത്തറിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ മേഖലയുടെ തലയെടുപ്പായ ഖത്തർ ഫൗണ്ടേഷൻ എന്ന സ്ഥാപനവും. ഖത്തർ എന്ന രാജ്യത്തിന്റെയും അറേബ്യൻ മണ്ണിന്റെയും വിജ്ഞാന വിപ്ലവത്തിന് തിലകക്കുറിയായി പ്രസ്ഥാനത്തിന് ഇന്ന് 30തിന്റെ തിളക്കം.
ഖത്തർ ഫൗണ്ടേഷൻ 30ാം വാർഷികാഘോഷ ചടങ്ങിൽനിന്ന്
1995ൽ അന്നത്തെ അമീർ കൂടിയായ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും പത്നി ശൈഖ മൗസ ബിൻത് നാസറിന്റെയും ദീർഘവീക്ഷണത്തിൽ പിറന്ന സ്ഥാപനം പിന്നീടുള്ള യാത്രയിലെ ഓരോ ചുവടുവെപ്പിലും അടയാളപ്പെടുത്തപ്പെട്ടു. ശൈഖ മൗസ ചെയർപേഴ്സണായി തുടങ്ങിയ വിജ്ഞാനത്തിന്റെ ലോകം ഇന്ന് ലോകത്തോളംതന്നെ വളർന്ന് ശ്രദ്ധേയമായ കലാശാലയായി മാറി. ഓരോ വ്യക്തിയിലും തുടങ്ങി, സമൂഹത്തിലും രാജ്യത്തിലും സ്വാധീനം ചെലുത്തുന്ന വിദ്യാഭ്യാസ, ഗവേഷണ വിപ്ലവം എന്ന ആശയം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ലോകത്തിനുതന്നെ മാതൃകയാവുന്ന ഒരു കേന്ദ്രമായി അത് മാറിയിരിക്കുന്നു.
ഖത്തറിന്റെ സർവതല മേഖലകളിലെ വളർച്ചക്കും കുതിച്ചുചാട്ടത്തിനും കൂടിയുള്ള കാൽവെപ്പായിരുന്നു ക്യൂ.എഫ്. കഴിഞ്ഞ ദിവസം എജുക്കേഷൻ സിറ്റിയിലെ അൽ ഷഖാബിൽ നടന്ന ഖത്തർ ഫൗണ്ടേഷൻ 30ാം വാർഷികാഘോഷങ്ങളിൽ സ്ഥാപകരായ പിതാവ് അമീറും ചെയർപേഴ്സണും മുഖ്യാതിഥികളായി എത്തി, ലോകത്തോളം വളർന്ന തങ്ങളുടെ സ്വപ്നത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയും പങ്കെടുത്തിരുന്നു.
ഖത്തറിന്റെയും മധ്യപൂർവേഷ്യയുടെയും ചരിത്രത്തിലെ നിർണായക നിമിഷമാണ് നമ്മൾ ആഘോഷിക്കുന്നത്. 1995ൽ ഇതേ ദിവസമായിരുന്നു വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണരംഗത്തെ നയിക്കാനായി ഖത്തർ ഫൗണ്ടേഷൻ ഫോർ എജുക്കേഷൻ, സയൻസ്, കമ്യൂണിറ്റി ഡെവലപ്മെന്റ് പിറവിയെടുക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലംകൊണ്ട് അന്ന് സ്വപ്നംകണ്ട ഉയരങ്ങളിലേക്ക് പടർന്നു പന്തലിച്ചു കഴിഞ്ഞു -ആഘോഷ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശൈഖ മൗസ പറഞ്ഞു.
ഖത്തർ ഫൗണ്ടേഷൻ കാമ്പസ്
ചടങ്ങിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ ലോഗോയുടെ പശ്ചാത്തലത്തിൽ സിദ്റ മരത്തിന്റെ വിത്തുകൾ പിതാവ് അമീറും ചെയർപേഴ്സൺ ശൈഖ മൗസയും ചേർന്ന് നട്ടു. നാളെയുടെ വിത്ത് ഇവിടെ വിതക്കുന്നത് എന്ന വാക്കുകളോടെയായിരുന്നു പുതിയ അധ്യായത്തിന് അവർ തുടക്കം കുറിച്ചത്.
30ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ഡിയർ ക്യൂ.എഫ്’ എന്ന പേരിൽ ഖത്തർ ഫൗണ്ടേഷനിൽനിന്ന് ഉന്നത ബിരുദം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃപദവികളിലെത്തി ശ്രദ്ധേയരായ പ്രമുഖരുടെ സന്ദേശവും അവതരിപ്പിച്ചു.
ഒരുപിടി സ്വപ്നങ്ങളും വലിയ കാഴ്ചപ്പാടുമായി 1995ൽ ഖത്തർ അക്കാദമി എന്ന സ്കൂളിൽ തുടക്കം കുറിച്ച ഖത്തർ ഫൗണ്ടേഷൻ ഇന്ന് അറിവിന്റെ സാമ്രാജ്യം തന്നെയായി മാറി. ഖത്തർ ഫൗണ്ടേഷനിലെ ചെറിയ വില്ല കോമ്പൗണ്ടിലെ സ്കൂളിലായിരുന്നു 24 കുട്ടികളുമായി ആദ്യ ക്ലാസിന്റെ തുടക്കം. ഇന്നത് 13 സ്കൂളുകളും ഏഴ് സർവകലാശാലകളിലുമായി 9,900ഓളം വിദ്യാർഥികൾ പഠനം നടത്തുന്ന സംവിധാനമായി.
12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മൂന്ന് നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, 330ലേറെ നൂതന കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കിയ ഗവേഷണങ്ങൾ, 42 സ്റ്റാർട്ടപ് സംരംഭങ്ങൾ, എട്ട് പാറ്റന്റുകൾ, ഒരുലക്ഷത്തിലേറെ പുസ്തകങ്ങളുമായി വിശാലമായ ലൈബ്രറി, ഏഴ് സർവകലാശാലകളിലായി 50ലേറെ ബിരുദ പ്രോഗ്രാമുകൾ, നൂറിലേറെ രാജ്യക്കാരായ വിദ്യാർഥികൾ...അങ്ങനെ അറിവിന്റെ വലിയൊരു സിദ്റ മരമായി പടർന്നു പന്തലിച്ചിരിക്കുന്നു ഇന്ന് ഖത്തർ ഫൗണ്ടേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.