കതാറ ജനറൽ മാനേജർ ഡോ. ഖാലിദ്​ ബിൻ ഇബ്രാഹിം അൽസുലൈതി (വലത്​) സ്​ഹൈൽ സന്ദർശിക്കാനെത്തിയ​വരോട്​ സംസാരിക്കുന്നു

'സ്​ഹൈൽ' കൊടിയിറങ്ങി

ദോഹ: നാലാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം സ്​ഹൈൽ 2020 കൊടിയിറങ്ങി. 13 രാജ്യങ്ങളിൽനിന്നായി 140 കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കെടുത്തത്. കോവിഡ്-19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഈ വർഷത്തെ മേള നടന്നതെങ്കിലും ആയിരങ്ങളാണ് അഞ്ച് ദിവസം നീണ്ടുനിന്ന മേളയിൽ സന്ദർശകരായെത്തിയത്. ബിൽഡിങ്​ 12ൽ പ്രത്യേകം ഉയർത്തിയ കാരവൻ പവലിയൻ സന്ദർശകരാൽ വീർപ്പുമുട്ടി. വിവിധ വലുപ്പത്തിലും വൈവിധ്യമാർന്നതുമായ ഖത്തരി നിർമിത കാരവനുകൾ സന്ദർശകരുടെ മനം കവർന്നു.

മേഖലയിലെ മുൻനിര സ്​പോർട്സ്​ ടെക്ക് കമ്പനിയായ ഖത്തർ സ്​പോർട്സ്​ ടെക്ക് (ക്യു.എസ്.ടി) ഇത്തവണ മേളയിൽ സാന്നിധ്യമറിയിച്ചു. സന്ദർശകർക്ക് മികച്ച സമ്മാനങ്ങൾ കരസ്​ഥമാക്കുന്നതിനുള്ള പ്രത്യേക മത്സരവും പവലിയൻ സംഘടിപ്പിച്ചു. 2018ലാണ് ക്യു.എസ്.ടി ലോഞ്ച് ചെയ്തത്. ക്യു.എസ്.ടിയുടെ ഏറ്റവും പുതിയ പ്രീ അക്ലറേറ്റ് േപ്രാഗ്രാമായ ഇൻതിലാഖ് ആയിരുന്നു പവലിയനിലെ ശ്രദ്ധേയം.

കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപാടിയായ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിൽ ഖത്തറിന് പുറമേ, കുവൈത്ത്, പാകിസ്താൻ, അമേരിക്ക, ബ്രിട്ടൻ, തുർക്കി, സ്​പെയിൻ, ബെൽജിയം, ലബനാൻ, പോർച്ചുഗൽ, റുമാനിയ, ഫ്രാൻസ്​, ഹംഗറി എന്നീ രാജ്യങ്ങളാണ് ഇത്തവണ പങ്കെടുത്തത്.

മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ, വേട്ട പ്രദർശനമായ സ്​ഹൈലിൽ വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും ഫാൽക്കൺ ലേലം, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്​തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്​തുക്കൾ, ഭക്ഷ്യ സ്​റ്റാളുകൾ എന്നിവയാണ് വിൽപനക്കും പ്രദർശനത്തിനുമായെത്തുന്നത്. 2017ലാണ് പ്രഥമ സ്​ഹൈൽ മേളക്ക്​ തുടക്കം കുറിച്ചത്.

ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും ഹബ്ബുമായി സ്​ഹൈൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സാംസ്​കാരിക, ബോധവത്​കരണ പരിപാടികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളാണ് ഫാൽക്കൺ വേട്ട മേളയിൽ ലേലത്തിനായി എത്തുന്നത്. വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്നതിനായുള്ള സ്​ഹൈൽ എന്ന നക്ഷത്രത്തിൽ നിന്നാണ് മേളക്ക് ആ പേര് ലഭിക്കുന്നത്. ആകാശത്ത് സ്​ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തെ വേട്ടക്കാലം തുടങ്ങുകയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.