ചൂരൽമലയിൽ നടുമുറ്റം കേന്ദ്ര കമ്മിറ്റിയംഗം സകീന അബ്ദുല്ല തയ്യൽ മെഷീൻ കൈമാറുന്നു
ദോഹ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ജീവിതമാർഗമായിരുന്ന തയ്യൽ ജോലി നിലച്ചുപോയ വനിതകളെ ചേർത്തുപിടിച്ച് നടുമുറ്റം ഖത്തർ. ‘ഈ ഓണം വയനാടിനൊപ്പം’ എന്ന സന്ദേശത്തോടെ നടത്തിയ ഓണാഘോഷങ്ങളുടെ ഭാഗമായി ലഭിച്ച സ്പോൺസർഷിപ് തുകയിൽനിന്ന് ഒരു ഭാഗം നടുമുറ്റം നേരത്തേതന്നെ ചൂരൽമല ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ഭാഗമായിട്ടാണ് തയ്യൽ ജോലിയെടുത്ത് കുടുംബം പോറ്റുകയും ദുരന്തത്തെത്തുടർന്ന് അതിന് മാർഗമില്ലാതാവുകയും ചെയ്ത ആറു വനിതകൾക്കായി തയ്യൽ മെഷീനും അനുബന്ധ ഉപകരണങ്ങളും കൈമാറിയത്. നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗം സകീന അബ്ദുല്ല വയനാട് ടീം വെൽഫെയറിന്റെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഉപകരണങ്ങൾ കൈമാറി. നടുമുറ്റം വൈസ് പ്രസിഡന്റും വയനാട് സ്വദേശിയുമായ ലത കൃഷ്ണയുടെ നേതൃത്വത്തിലാണ് അർഹരായ വനിതകളെ കണ്ടെത്തിയത്.
ദുരന്തസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയാവുകയും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ലത കൃഷ്ണ. പദ്ധതിയുടെ ഭാഗമാവാൻ നടുമുറ്റത്തിന് സംഭാവനകളർപ്പിച്ച മുഴുവൻ പേർക്കും പ്രസിഡന്റ് സന നസീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.