പച്ചപ്പിൽ കയറി കളിവേണ്ട...

ദോഹ: പ്രകൃതിരമണീയമായ പുൽമേടുകളിൽ വാഹനം കയറ്റി​ ഡ്രൈവിങ് അഭ്യാസം വേണ്ടെന്ന് ഓർമിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ശൈത്യകാലമായതിനാൽ മരുഭൂമികളിലും കടൽത്തീരങ്ങളിലുമായി സ്വദേശികളും താമസക്കാരും ഉൾപ്പെടെ എത്തിച്ചേരുമ്പോൾ വാഹനങ്ങളുമായി സംരക്ഷിത മേഖലകളിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ. ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ച നിർദേശത്തിലാണ് പരിസ്ഥിതി കാത്തുസൂക്ഷിക്കാൻ എല്ലാവരോടും ഓർമപ്പെടുത്തുന്നത്.

നിയമലംഘനങ്ങൾ കർശനമായ ശിക്ഷക്ക് വഴിവെക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതും പുൽമേടുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുന്നതും ഉത്തരവാദിത്തവും ചെടികളും സസ്യങ്ങളും ഉൾപ്പെടെയുള്ള വിഭവങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്ക് മൂന്നു മാസം വരെ തടവും ആയിരം റിയാൽ മുതൽ 20,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടാനും ചെടികൾ ഉൾപ്പെടെ പരിസ്ഥിതിക്കുണ്ടായ നഷ്ടപരിഹാരം കുറ്റവാളികളിൽനിന്ന് ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. രാജ്യത്തിന്റെ ജൈവ-സസ്യ പരിസ്ഥിതി വിഭവങ്ങൾ സംരക്ഷിക്കാൻ വിപുലമായ പദ്ധതികളാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. വിവിധ മേഖലകൾ വേലികൾ കെട്ടിയും മറ്റുമായി സംരക്ഷിച്ചുപോരുന്നുമുണ്ട്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 100 പുൽമേടുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം അവസാനമാണ് മന്ത്രാലയം തുടക്കം കുറിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പുൽമേടുകൾ വൃത്തിയാക്കിയും കൂടുതൽ തദ്ദേശീയമായ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ചും അധികൃതരുടെ ദൗത്യങ്ങൾ തുടരുകയാണ്. മനുഷ്യാധ്വാനവും പണച്ചെലവുമുള്ള ഈ പരിസ്ഥിതി സംരക്ഷണ പദ്ധതികൾ സംരക്ഷിക്കാൻ പൊതുജനങ്ങളും ശ്രദ്ധ പാലിക്ക​ണമെന്നാണ് ഓർമപ്പെടുത്തുന്നത്. 

Tags:    
News Summary - Severe punishment for driving in grasslands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.