ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗവും മുൻ പ്രസിഡന്റും നിലവിൽ ഇത്തിഹാദുൽ ഉലമ കേരളയുടെ പ്രസിഡന്റുമായ എം.വി. മുഹമ്മദ് സലീം മൗലവിയുടെ നിര്യാണത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ അനുശോചിച്ചു. ഖത്തറിലും ഇന്ത്യയിലും ഒരുപോലെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഉജ്ജ്വല സംഭാവനകളർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു സലീം മൗലവിയെന്ന് സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രഗല്ഭ പണ്ഡിതൻ, വാഗ്മി, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടിലധികംകാലം ഇസ്ലാമിക പ്രബോധന മണ്ഡലത്തിൽ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ഖുർആൻ മുന്നോട്ടുവെക്കുന്ന സാമൂഹികചിന്തയെയും ദർശനത്തെയും ഉയർത്തിപ്പിടിക്കുകയും സരളമായ ഭാഷയിൽ അത് സംവേദനം ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്ത പണ്ഡിതവര്യനായിരുന്നു അദ്ദേഹമെന്നും അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഖുർആൻ-ഹദീസ് നിദാനശാസ്ത്രങ്ങളിലും ഇസ് ലാമിക സാമൂഹിക മീമാംസയിലും അറബി ഭാഷയിലും ശാസ്ത്രത്തിലും ചരിത്രത്തിലും സാങ്കേതിക വിദ്യയുടെ നൂതന സങ്കേതങ്ങളിലുമൊക്കെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അറിവിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ്.
ലോക മുസ്ലിം വേദികളുമായും പണ്ഡിതന്മാരുമായും അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം ഇന്തോ-അറബ് സാംസ്കാരിക വിനിമയങ്ങളിലും വലിയ പങ്കുവഹിച്ചിരുന്നുവെന്നും അനുശോചനക്കുറിപ്പ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.