ദോഹ: വെസ്റ്റ് ബാങ്കിനെയും കിഴക്കൻ ജറൂസലമിനെയും തമ്മിൽ ഭൂമിശാസ്തപരമായി വേർപെടുത്തുന്ന ഇസ്രായേലിന്റെ ഇ1 സെറ്റിൽമെന്റ് പദ്ധതി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണിയാണെന്ന് അറബ് -മുസ് ലിം രാജ്യങ്ങൾ.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ നയങ്ങളെയും കിഴക്കൻ ജറുസലേമിന് കിഴക്കുള്ള 'ഇ1' കുടിയേറ്റ പദ്ധതിയെയും എതിർത്ത് ഖത്തർ ഉൾപ്പെടെ എട്ട് അറബ് -മുസ് ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഖത്തറിനു പുറമേ, സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇസ്രായേൽ സർക്കാറിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ ഫലസ്തീൻ ജനതക്കും അവരുടെ സ്വത്തുക്കൾക്കും നേരെ നടത്തുന്ന അതിക്രമങ്ങളെ വിദേശകാര്യമന്ത്രിമാർ അപലപിച്ചു. ഇത്തരം നടപടികളിലൂടെ ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കാനാകില്ല. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെയും ലംഘനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രദേശത്തെ നിർബന്ധിത കുടിയിറക്കലും വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതും മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തടസ്സമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് വിഘാതമാകുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നവർക്കുമെതിരെ അന്താരാഷ്ട്ര തലത്തിൽ ഉപരോധം ഏർപ്പെടുത്തണം. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ഏക മാർഗം. ഇ1 പദ്ധതി അടിയന്തരമായി നിർത്തിവെക്കാനും, നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനും യു.എൻ രക്ഷാസമിതിയും അന്താരാഷ്ട്ര സമൂഹവും അടിയന്തര നടപടി സ്വീകരിക്കണമെന്നും അറബ് -മുസ് ലിം രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.