ദോഹ: റമദാൻ മാസത്തിൽ ഖത്തറിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി വിപുലമായ പരിശോധനാ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം. റമദാൻ കാലയളവിൽ ഭക്ഷ്യോൽപന്നങ്ങളുടെ ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. കൂടാതെ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, ചെറുകിട വിൽപനശാലകൾ തുടങ്ങിയ 2,000ലധികം ഔട്ട്ലറ്റുകളിലാണ് പരിശോധന നടത്തുക. ഇവിടങ്ങളിൽ ബാധകമായ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾ കർശനമായ പരിശോധന നടത്തും. കര, കടൽ, വ്യോമ അതിർത്തികളിൽ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗം 24 മണിക്കൂറും സജീവമായിരിക്കും.
റമദാനിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഈന്തപ്പഴം, മാംസം, മധുരപലഹാരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്കും അയക്കും. കൂടാതെ വിപണിയിലെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായി ഭക്ഷ്യോൽപന്നങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റുകൾ, സർട്ടിഫിക്കേഷൻ എന്നിവ വേഗത്തിലാക്കും. ടെന്റുകൾക്കും ഭക്ഷണശാലകൾക്കുമുള്ള അനുമതികൾ, നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വേഗത്തിൽ പൂർത്തിയാക്കും.
ഭക്ഷ്യസുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുന്നതിനായി സോഷ്യൽ മീഡിയ കാമ്പയിനും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കും. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ജനങ്ങൾക്കിടയിൽ സന്ദേശങ്ങളും ടിപ്‌സുകളും സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പങ്കുവെക്കും. ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിച്ച് പോപ്പുലർ കിച്ചൺ ചുമതലയുള്ളവർക്കായി പ്രത്യേക പരിശീലന പരിപാടികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളും ഉപഭോക്താക്കളും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.