ദോഹ: റമദാൻ മാസത്തിൽ ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തറിലുടനീളമുള്ള പ്രധാന റീട്ടെയിൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, പാചക എണ്ണ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ടിഷ്യൂകൾ, അലുമിനിയം ഫോയിൽ, വീട്ടുപകരണങ്ങൾ എന്നിവ പോലുള്ള ഭക്ഷ്യേതര വസ്തുക്കൾ, റമദാനിൽ കൂടുതലായി ഉപയോഗിക്കുന്ന മറ്റു നിരവധി ഉൽപന്നങ്ങൾ എന്നിവയാണ് വിലക്കുറവിൽ ലഭ്യമാക്കുക.
വിലക്കുറവുള്ള ഉൽപന്നങ്ങൾ പ്രത്യേക ബോർഡോടു കൂടി സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. വിലക്കുറവ് റമദാൻ അവസാനം വരെ നീളുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഥാപനങ്ങൾ വിലക്കുറവ് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഔട്ട് ലെറ്റുകൾ പരിശോധിക്കും. ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഉത്തരവാദിത്തത്തോടെ ഷോപ്പിങ് നടത്താനും മന്ത്രാലയം അഭ്യർഥിച്ചു. വിലനിർണയ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.