ഭക്ഷണം എന്നത് ഏറ്റവും ആവശ്യവും അതേസമയം അത് കിട്ടാൻ കടുത്ത ബുദ്ധിമുട്ടും ഉള്ളതായിരുന്നു ബാല്യം. ഞങ്ങൾ അഞ്ചുമക്കൾ. മൂത്തയാൾ ഞാൻ. അച്ഛനും അമ്മയും കർഷക തൊഴിലാളികൾ. ജൻമിമാരുടെ വയലുകളിലും പുരയിടങ്ങളിലും പണിക്ക് പോകും. എട്ടാം ക്ലാസിലായപ്പോൾ ഞാനും അവർക്കൊപ്പം അവധിദിവസങ്ങളിൽ പോയി. മണ്ണിലും ചേറിലും വിയർത്തൊലിക്കുേമ്പാഴെല്ലാം നല്ല ഭക്ഷണമായിരുന്നു സ്വപ്നം. പക്ഷെ അന്ന് അതിനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.
കീറിയ ട്രൗസറും ഇസ്തിരി കാണാത്ത ഷർട്ടും ഒട്ടിയ വയറുമായി കൂട്ടുകാരോടൊപ്പം കാൽനടയായി സ്കൂളിലേക്ക് പോയ ഇന്നലെകൾ മനസിനെ നൊമ്പരപ്പെടുത്തുകയാണ്. സുഹൃത്തുക്കളുടെ ജാതിയോ മതമോ പ്രതാപമോ ഒന്നും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല. സ്കൂൾ വിട്ട് വന്നാൽ ഒാടിക്കളിക്കാൻ സ്കൂൾ മൈതാനമുണ്ടായിരുന്നു. വിശാലമായ പറമ്പുകളുണ്ടായിരുന്നു, കൊയ്തൊഴിഞ്ഞ പാടങ്ങളുണ്ടായിരുന്നു.
കളിയും കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലേക്ക് പോയാൽ വയറ് നിറക്കാൻ ഒന്നുമുണ്ടാകില്ല. അമ്മയും അച്ഛനും കൃഷിപ്പണി കഴിഞ്ഞ് വരുേമ്പാൾ രാത്രി ഏഴ് മണിയാകും. നെല്ലാണ് കൂലിയായി കിട്ടുക. അമ്മ നെല്ല് ചട്ടിയിലിട്ട് വറുത്ത് തോല് കളയും. അതിനുശേഷം കഞ്ഞിവെക്കും. കൂട്ടത്തിലൊരു പുഴുക്കോ ചമ്മന്തിയോ ഉണ്ടാക്കി കഴിയുേമ്പാൾ പത്ത് മണിയെങ്കിലുമാകും. അപ്പോഴേക്കും ഞങ്ങൾ കുട്ടികൾ തളർന്ന് ഉറക്കമായിട്ടുണ്ടാകും.
ആ കാലഘട്ടത്തിനിടയിലെ ഞങ്ങളുടെ സന്തോഷ നാളുകളായാണ് നോമ്പ് കാലം എത്തുന്നത്. നോമ്പുതുറയുടെ നന്മയും ആവശ്യകതയും തിരിച്ചറിയാൻ കഴിയാതിരുന്ന കുട്ടിക്കാലം. കൃഷിജോലി കഴിഞ്ഞ് വരാത്ത അമ്മ, മനസിനെ പ്രയാസപ്പെടുത്തുേമ്പാൾ ബാല്യകാല സുഹൃത്തായ ഇബ്രാഹിംകുട്ടി അവെൻറ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി നോമ്പുതുറയിൽ പങ്കാളിയാക്കും. അപ്പോൾ ഒരു സാമ്രാജ്യം പിടിച്ചടക്കാൻ കഴിഞ്ഞ സന്തോഷമായിരിക്കും എനിക്കും കൂടപ്പിറപ്പുകൾക്കും. പാചകകലയുടെ റാണിമാരാണ് വടക്കെ മലബാറിലെ മുസ്ലിം സഹോദരിമാരും ഉമ്മമാരും.
അവരുണ്ടാക്കുന്ന വിവിധങ്ങളായ പലഹാരങ്ങളുടെ രുചി ഒാർക്കുേമ്പാൾ ഇപ്പോഴും വായിൽ വെള്ളമൂറുകയാണ്. എെൻറ പ്രിയ സുഹൃത്ത് ഇറാട്ടിയും, മുഹമ്മദും മൂത്ത സഹോദരൻ മൊയ്തുക്കയും അവരുടെ പെങ്ങൾ അലീമതാത്തയും കാട്ടിയ സ്നേഹം ഒരിക്കലും മറക്കില്ല. ആ കുടുംബവുമായി അതിരറ്റ സ്നേഹം ഇപ്പോഴും നിലനിർത്താൻ കഴിയുന്നുവെന്നത് ജീവിത സൗഭാഗ്യം. കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും നല്ല ഇഴയടുപ്പമുള്ള കാലമായിരുന്നു അത്.
ഗതകാല സ്മരണകൾ ഉൗളിയിട്ടിറങ്ങുേമ്പാൾ വർത്തമാനകാലം അസ്വസ്ഥമാക്കുകയാണ്.
ഭയത്തിെൻറയും ഉത്കണ്ഠയുടെയും സ്പർധയുടെയും ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലൂടെ ദാക്ഷിണ്യമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നത്. മതങ്ങളെ കാണുകയും മനുഷ്യരെ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെയെല്ലാം മനസിനെ മാറ്റിതീർക്കാൻ ദുഷ്ട ശക്തികൾ ശ്രമിക്കുന്നു. ഇതിനെ കരുതിയിരിക്കണം, പ്രതിരോധ ശക്തിയാകണം. സൗഹൃദവും സാഹോദര്യവും അതിെൻറ പ്രതിഫലനമായ ‘നോമ്പുതുറ’യും ഇൗ പ്രവാസ മണ്ണിൽ, സുലഭമായി നടക്കുന്നു. എല്ലായിടത്തെയും പോലെ അത് അസ്തമിക്കാത്ത പ്രതീക്ഷയുടെ കിരണമായി കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.