1978 ജൂൺ മാസത്തിലെ റമദാൻ ദിനം. ബഹ്റൈൻ ആൽമീർ ഗ്രൂപ്പിൽ സൈറ്റ് എന്ജിനീറായി ജോലി നോ ക്കുകയാണ്. ജോലി സമയം രാവിലെ ഏഴു മുതൽ മൂന്നു വരെയാണ്. ഇന്നത്തെ പോലെ റമദാനിൽ സമയക്കുറവൊന്നും മിക്ക കമ്പനികളും കൊടുത്തിരുന്നില്ല. നിയമം വളരെ കർക്കശമായിരുന്നു. നോമ്പ് സമയത്ത് വെള്ളം കുടിക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ ഈദ് കഴിയുംവരെ ജയിലിൽ വസിക്കാം.
അതിഭയങ്കര ചൂടായിരുന്നു അക്കാലയളവിൽ. വർക്ക് സൈറ്റ് മനാമയിൽ നിന്ന് 20 കിലോമീറ്റർ ദൂരെ മാമീർ എന്ന സ്ഥലത്താണ്. കടകൾ അടുത്തില്ല. വെള്ളമോ ഭക്ഷണമോ വേണമെങ്കിൽ മൂന്നു നാലു കിലോമീറ്റർ പോകണം. ശരിക്കും മരുഭൂമിയിലെ അവസ്ഥയായിരുന്നു. മറ്റുള്ളവർ വ്രതമനുഷ്ഠിക്കുമ്പോൾ ഞാൻ മാത്രം ഭക്ഷണം കഴിക്കുക എന്നുള്ളത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അവരോടൊപ്പം വെള്ളമോ ആഹാരമോ ഇല്ലാതെ റമദാൻ കാലം കഴിച്ചുകൂട്ടും. ആദ്യ രണ്ടുമൂന്നു ദിനങ്ങൾ ബുദ്ധിമുട്ടുള്ളതായിരുന്നു, പിന്നെ ശീലമായി.
ജോലിക്കാരിൽ കൂടുതലും പാകിസ്ഥാനികൾ. ആദ്യകാലങ്ങളിൽ നിസഹകരണമായിരുന്നു അവരിൽ നിന്നുമുണ്ടായത്. വൈരാഗ്യ ബുദ്ധിയോടുള്ള പെരുമാറ്റം, ഞാൻ ഹിന്ദുവായിപ്പോയി എന്നതാണ് കാരണം! ആ റമദാൻ ദിനത്തിലായിരുന്നു അത് സംഭവിച്ചത്. ഉച്ച പ്രാർഥന കഴിഞ്ഞ് അവർ പത്തുപന്ത്രണ്ടു പേർ എൻറടുക്കൽ വന്നു. മടിച്ചുമടിച്ചു അതിലൊരാൾ ചോദിച്ചു...സർ, നിങ്ങളുടെ ഭഗവാനാണോ അതോ ഞങ്ങളുടെ അല്ലാഹുവാണോ വലുത്?.
അക്ഷരാർത്ഥത്തിൽ ചോദ്യം എന്നെ കുഴപ്പിച്ചു, ഈശ്വരാ നല്ല വാക്കുകൾ മനസിൽ തെളിയണമേയെന്ന് മനസ് മന്ത്രിച്ചു. ഇവിടെ ഉചിതമായ മറുപടി പറഞ്ഞേ മതിയാകൂ. ഇനിയും ഇവരുടെ കൂടെ വേണം മുന്നോട്ടുള്ള പ്രയാണം.‘‘സഹോദരാ, ഭഗവാൻ അല്ലാവിെൻറ ഇളയ സഹോദരനാണ്...’’ എന്നിൽ നിന്നും ഏതാനും വാക്കുകൾ ഉതിർന്നു വീണു. അപ്രതീക്ഷിതം, പ്രായമേറെയുള്ള ഫോർമാൻ അക്രം ഖാൻ എന്നെ കെട്ടിപ്പുണർന്നു, ‘‘അതെ നമ്മൾ സഹോദരരാണ്, ഒരു വ്യത്യാസവും ഇല്ല നമ്മൾ തമ്മിൽ’’. ബാക്കിയുള്ളവർ അതുകണ്ട് അതിശയത്താൽ നിന്ന നിൽപ്പിലാണ്.
പിന്നീട് 1996 ഏപ്രിൽ പത്തിന് ബഹ്റൈനോട് വിടപറയും വരെ ഞങ്ങളുടെ സ്നേഹബന്ധം സുദൃഢമായിരുന്നു. ഹിന്ദുവായ എെൻറ അവസാനത്തെ ജോലി മുഹറഖിൽ അൽമുന്തസ മാർക്കറ്റിനോട് ചേർന്ന് നിൽക്കുന്ന പള്ളിയുടെ ഡിസൈൻ ആയിരുന്നു. അൽമീർ കുടുംബത്തിെൻറ നിർദേശപ്രകാരം ഏകദേശം 600 പേർക്ക് നമസ്കരിക്കാൻ പാകത്തിലാണ് അത് രൂപകൽപന ചെയ്തത്. മിനാരത്തിന് 21 മീറ്റർ ഉയരമുണ്ട്. സുന്നീവാഖിഫിെൻറ അനുമതിയോടെ എെൻറ പാകിസ്താനി സഹോദരർ പള്ളിയുടെ പണി പൂർത്തിയാക്കി.
ഇന്നും ഏതൊരു പള്ളി കാണുമ്പോഴും എെൻറ ബഹറൈനിലെ പള്ളി മനസ്സിൽ ഓടിയെത്തും. ബഹ്റൈനിൽ എന്നെ അറിയുന്നവർ പറയും, ദാ അതാണ് ആവണിയുടെ പള്ളി എന്ന്. വർഷങ്ങളിലൂടെ റമദാെൻറ മഹത്ത്വം... എല്ലാമതത്തിെൻറയും പൊരുൾ എല്ലാം അറിഞ്ഞു. അധികം വിദ്യാഭ്യാസമില്ലാത്ത അക്രം ഖാൻ പറഞ്ഞതാണ് ശരി, ‘‘നമ്മളെല്ലാരും സഹോദരർ’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.