ഹിഷാമും ഹാഷിമും തങ്ങളുടെ റേസിങ് കാറിനൊപ്പം
ദോഹ: അമാന ടൊയോട്ട വി.പി.കെ അബ്ദുല്ല ഹാജിയെന്ന പേര് ഖത്തറിലെയും കേരളത്തിലെയും വാഹന പ്രേമികൾക്ക് സുപരിചിതമാണ്. ദോഹയിലെ നഗരത്തിരക്കിനിടയിൽ ഉം ഗുവൈലിനയിലെ ടൊയോട്ട സിഗ്നലിൽ തലയുയർത്തി നിൽക്കുന്ന അബ്ദുല്ല ഗനി മോട്ടോഴ്സ് എന്ന സ്ഥാപനത്തെയും, കോഴിക്കോട് ആസ്ഥാനമായ അമാന ടൊയോട്ടയെന്ന വിതരണ ശൃംഖലയെയും പടുത്തുയർത്തിയ ഫാറൂഖ് കോളജ് സ്വദേശി.
ലുസൈൽ സർക്യൂട്ടിൽ സമാപിച്ച ടൊയോട്ട യാരിസ് കപ്പിൽ മൂന്നാമതെത്തിയ ഹാഷിമും ഹിഷാമും ട്രോഫിയുമായി
ലോകപ്രശസ്തരായ വാഹന നിർമാണ കമ്പനിക്ക് കേരളത്തിലും ഖത്തറിലും വിപണിയൊരുക്കിയ വ്യാപാര പ്രമുഖനായിരുന്നു വി.പി.കെ അബ്ദുല്ലഹാജിയെങ്കിൽ, അദ്ദേഹത്തിന്റെ മക്കളിൽ ഇളയവരായ ഹിഷാമും ഇന്ന് അതേ ടൊയോട്ടയുടെ വളയം പിടിച്ച് അതിവേഗത്തിൽ ഓടിച്ചുകയറുന്നത് കാർറേസിങ് പ്രേമികളുടെ മനസ്സുകളിലേക്കാണ്.
കഴിഞ്ഞ 12 വർഷമായി കാർ റേസിങ് ട്രാക്കിൽ മലയാള സാന്നിധ്യമായി വിജയക്കൊടി പാറിക്കുന്ന റേസിങ് ട്വിൻസ് ഇപ്പോഴിതാ ഖത്തറിൽ സമാപിച്ച പ്രഥമ ടൊയോട്ട ജി.ആർ യാരിസ് കപ്പ് റേസിങ്ങിലും മെഡൽ പോഡിയത്തിലെത്തിയിരിക്കുന്നു. ഈ വർഷം ജനുവരിയിൽ ഖത്തറിലെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ആരംഭിച്ച്, കുവൈത്ത് ഉൾപ്പെടെ നാലു റൗണ്ടുകളിലായി പൂർത്തിയായ യാരിസ് കപ്പ് റേസിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവുമായാണ് കോഴിക്കോടുനിന്നുള്ള വേഗട്രാക്കിലെ ഇരട്ടകളുടെ മടക്കം.
നാലു പതിറ്റാണ്ടോളം പിതാവ് ജോലി ചെയ്ത അബ്ദുൽ ഗനി മോട്ടോഴ്സിന്റെ സ്പോൺസർഷിപ്പിലായിരുന്നു ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര മത്സരം എന്ന പ്രത്യേകത കൂടി ഖത്തറിലെ നേട്ടത്തിനുണ്ട്. ഏപ്രിൽ അവസാന വാരത്തിൽ ലുസൈൽ ട്രാക്കിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഖത്തർ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള ഡ്രൈവർമാരുമായി മാറ്റുരച്ച് മുൻനിരയിലെത്തിയാണ് കോഴിക്കോടൻ റേസിങ് ട്വിൻസ് വിജയക്കൊടി നാട്ടിയത്. നാല് റൗണ്ടുകളിലായി പൂർത്തിയായ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ റോഡുകളിൽ വലതു വശ ഡ്രൈവിങ്ങിൽ പരിചയിച്ചവരാണ്, കാര്യമായ പരിശീലനമൊന്നുമില്ലാതെ ദോഹയിലെത്തി ഇടതു വശ ഡ്രൈവിങ്ങിലൂടെ കുതിച്ചുപാഞ്ഞ് വിജയം നേടിയത്.
കാറുകളുടെ വലിയ ലോകത്തിനൊപ്പം വളർന്ന ഹിഷാമും ഹാഷിമും കാറോട്ടക്കമ്പക്കാരായതിൽ അത്ഭുതമൊന്നുമില്ല. അബ്ദുല്ല ഗനി മോട്ടോഴ്സിലെ പ്രധാനിയായിരുന്നു വി.പി.കെ അബ്ദുല്ലയിലൂടെ തന്നെ മക്കളിലേക്കും വാഹനപ്രേമമെത്തിയിരുന്നു. കുഞ്ഞുനാളിൽ തന്നെ പേപ്പർ വെട്ടിയെടുത്ത് വാഹനങ്ങൾ നിർമിച്ചും, കാറിന്റെ ചിത്രങ്ങളും സ്റ്റിക്കറുകളും സൂക്ഷിച്ചും, കളിപ്പാട്ടങ്ങൾ ശേഖരിച്ചുമായിരുന്നു ഹാഷിമും ഹിഷാമും തുടങ്ങിയത്. ഓരോ കാറിന്റെയും സാങ്കേതിക സവിശേഷതകളും വിശദമായി പഠിച്ചു. ഖത്തറിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇരുവരും നാട്ടിലെത്തി പഠനം തുടർന്നപ്പോഴും കാർ കമ്പം വിട്ടില്ല.
ലുസൈൽ സർക്യൂട്ടിൽ നടന്ന ടൊയോട്ട ജി.ആർ യാരിസ് കപ്പ് മത്സരത്തിൽനിന്ന്
16ാം വയസ്സിൽതന്നെ ഡ്രൈവിങ് പഠിച്ചെടുത്തു. ഫോർമുല വൺ കാറോട്ട മത്സരങ്ങൾ ആവേശത്തോടെ പിന്തുടർന്ന ഇരുവരുടെയും മനസ്സ് റേസിങ് സ്വപ്നങ്ങളിലായി. സ്വന്തം വാഹനങ്ങളിൽ റേസിങ് താൽപര്യം പ്രകടിപ്പിച്ചവർ അൽപം വൈകി 2012ൽ ആയിരുന്നു ആദ്യ പ്രഫഷനൽ കാർ റേസിങ്ങിന്റെ ഭാഗമാവുന്നത്. പത്ര പരസ്യം കണ്ടായിരുന്നു എത്തിയോസ് റേസിങ് കപ്പിന് അപേക്ഷിക്കുന്നത്. ആയിരത്തോളം അപേക്ഷകരിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ ടെസ്റ്റുകളിലൂടെ 300 ആയി ചുരുക്കി. അവസാനം 40ഉം, ഒടുവിൽ ഫൈനൽ റൗണ്ടിനുള്ള 25 പേരുമായി ചുരുങ്ങിയപ്പോൾ അവരിൽ ഹിഷാമും ഹാഷിമും ഇടം പിടിച്ചതോടെയാണ് ഇരുവരിലെയും റേസിങ് പ്രതിഭയെ ആദ്യമായി തിരിച്ചറിയപ്പെടുന്നത്.
ആദ്യ പ്രഫഷനൽ റേസിൽതന്നെ പേരെടുത്തതേടെ, കോഴിക്കോട് നിന്നുള്ള റേസിങ് ട്വിൻസ് വാർത്തകളിലും താരമായി. ഇതൊരു കരിയർ ചുവടുവെപ്പായി മാറിയതായി ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
ശേഷം, വിവിധ റേസുകളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ടൊയോട്ട ഇത്തിയോസിന്റെ ശ്രീലങ്കൻ ലോഞ്ചിന്റെ ഭാഗമായി നടന്ന സ്ട്രീറ്റ് റേസിലും പങ്കെടുത്തു. കോവിഡിനു ശേഷം റേസിങ് യാത്രകൾ മുടങ്ങിയതിനിടയിലായിരുന്നു അബ്ദുൽ ഗനി മോട്ടോഴ്സ് ഉടമസ്ഥരുമായി കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നത്. തങ്ങളുടെ സ്ഥാപനത്തെ വളർത്തിയെടുത്ത അബ്ദുല്ലയുടെ കുടുംബത്തെ കാണാൻ നാട്ടിലെത്തിയപ്പോഴായിരുന്നു ഹാഷിമിന്റെയും ഹിഷാമിന്റെയും റേസിങ് മികവ് അവർ അറിയുന്നത്. അബ്ദുല്ല ഗനി മോട്ടോഴ്സിന്റെ ടൊയോട്ട ജി.ആർ യാരിസ് കപ്പ് റേസിലേക്കുള്ള ക്ഷണം അങ്ങനെയാണ് ഇരുവരെയും തേടിയെത്തുന്നത്. കമ്പനി തന്നെ സ്പോൺഷിപ് ഏറ്റെടുത്തപ്പോൾ തങ്ങളുടെ ആദ്യ വിദേശ റേസിങ്ങും സാധ്യമായി.
ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവിങ് ചെയ്ത് ശീലിച്ചവർ, ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങിൽ കാര്യമായ തയാറെടുപ്പൊന്നുമില്ലാതെയായിരുന്നു കഴിഞ്ഞ ജനുവരിയിൽ ഖത്തറിലേക്ക് വിമാനം കയറിയത്. ഫോർമുല വൺ മത്സരങ്ങളുടെ വേദിയായ ലുസൈൽ സർക്യൂട്ടിൽ പ്രാക്ടീസ് റേസും ക്വാളിഫയിങ് റേസും കഴിഞ്ഞ് നേരിട്ട് ഫൈനൽ റേസ് ട്രാക്കിലേക്ക് ഇറങ്ങിയപ്പോൾ പിഴച്ചില്ല.
പരിചയ സമ്പന്നരായ ഡ്രൈവർമാർക്കൊപ്പം തന്നെ മാറ്റുരച്ച് ആദ്യപത്തിനുള്ളിൽ ഫിനിഷ് ചെയ്തായിരുന്നു തുടക്കം. ശേഷം, ഓരോ റൗണ്ടുകളിലും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറി. ഒടുവിൽ ലുസൈലിൽതന്നെ നടന്ന അവസാന റൗണ്ടിലും മുൻനിരയിലെത്തിയാണ് ഇപ്പോൾ മൂന്നാം സ്ഥാനം നേടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.റേസിങ് ആവേശവുമായി നാട് ചുറ്റുമ്പോഴും ബിസിനസിൽ ഇരുവരും സജീവമാണ്. അമാന ടൊയോട്ടയുടെ ഡയറക്ടർമാരായ ഇരുവരും, വാഹന മോഡിഫിക്കേഷൻ സ്ഥാപനമായ പെർഫ് അമാനയും അടുത്തിടെ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.