ക്യു.കെ.ഐ.സി സംഘടിപ്പിച്ച കൗതുകം വിജ്ഞാനോത്സവം പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്റ്റുഡന്റസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. നമ്മുടെ പൂർവികർ ത്യാഗപൂർണമായ പോരാട്ടത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിന്റെ അർഥസമ്പൂർണതയോടെ നിലനിർത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്ന് അദ്ദേഹം ഉണർത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ക്വിസ് മത്സരത്തിൽ കാറ്റഗറി ഒന്നിൽ ലിബ മുഹമ്മദ്, മറിയം അഹ്മദ്, ഫാത്തിമ അബ്ദുൽ ഗഫൂർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി. കാറ്റഗറി രണ്ടിൽ ഹിന ആഷിഫ്, മുഹമ്മദ് ഇഹാൻ, ആയിഷ ആലിയ എന്നിവരും കാറ്റഗറി മൂന്നിൽ ഖാലിദ് കട്ടുപ്പാറ, മുഹമ്മദ് എൻ.ടി., ആഷിഫ് ഹമീദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അൽമനാർ മദ്റസ വിദ്യാർഥികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ, ജൈസൽ എ.കെ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.