ഖത്തർ അമിരി വ്യോമസേനയുടെ നേതൃത്വത്തിൽ സുഡാനിൽനിന്ന് ഒഴിപ്പിച്ചവരെ ദോഹയിലെത്തിക്കുന്നു
ദോഹ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ രക്ഷാദൗത്യത്തിന് തുടക്കംകുറിച്ച് ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അമിരി വ്യോമസേനയുടെ നേതൃത്വത്തിൽ 168 സുഡാൻ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിച്ചത്.
ഖത്തർ റെസിഡന്റുമാരായ സുഡാൻ പൗരന്മാരെയാണ് സംഘർഷഭൂമിയിൽനിന്ന് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.
വിവിധ രാജ്യങ്ങൾ സുഡാനിൽനിന്ന് തങ്ങളുടെ പൗരന്മാരെ സമുദ്ര, വ്യോമ മാർഗം ഒഴിപ്പിക്കുന്നതിനിടെയാണ് ഖത്തറിന്റെ നേതൃത്വത്തിൽ സംഘർഷ ഭൂമിയിൽനിന്ന് രാജ്യം വിടാൻ ആഗ്രഹിക്കുന്ന സ്വദേശികളെയും സുരക്ഷിത ഇടങ്ങളിൽ എത്തിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോർട്ട് ഓഫ് സുഡാനിൽ എത്തിയ അമിരി വ്യോമസേന വിമാനത്തിലായിരുന്നു 168 പേരെ ഖത്തറിൽ എത്തിച്ചത്.
തങ്ങളുടെ പൗരന്മാരെ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ ഖത്തർ സുരക്ഷിതമായി എത്തിച്ചിരുന്നു. സൗദിയുടെ കടൽമാർഗമുള്ള രക്ഷാ പ്രവർത്തനത്തിലായിരുന്നു ആദ്യസംഘത്തിൽതന്നെ ഖത്തരി പൗരന്മാരും സുഡാനിൽനിന്ന് വന്നത്.
സുഡാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ആരുടെയും ജീവന് സുരക്ഷയില്ലെന്നും ഖത്തറിൽ താമസക്കാരനായ സുഡാൻ പൗരൻ മുഹമ്മദ് അഹമ്മദ് അൽ സായിദ് അമിന ‘ദോഹ ന്യൂസി’നോട് പറഞ്ഞു.
സൗഹൃദരാജ്യം കൂടിയായ സുഡാനിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഖത്തർ നിർണായക ഇടപെടൽ തുടരുകയാണ്. ഇരുവിഭാഗങ്ങളോടും ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസവും മന്ത്രാലയം വ്യക്തമാക്കി.
20 ദിവസത്തിലേറെ പിന്നിട്ട ആഭ്യന്തര യുദ്ധത്തിൽ 550ലേറെ പേർ ഇതിനകം കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പതിനായിരങ്ങളാണ് സംഘർഷ മേഖലകളും രാജ്യവും വിട്ട് പലായനം ചെയ്യുന്നത്.
ആഭ്യന്തര യുദ്ധത്തിൽ പൊറുതിമുട്ടിയ സുഡാനിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകരമാണ് വെള്ളിയാഴ്ച വൈകീട്ട് അൽ ഉദൈദ് എയർബേസിൽനിന്ന് പറന്നുയർന്ന അമിരി വ്യോമസേന വിമാനത്തിൽ 40 ടൺ ദുരിതാശ്വാസ സാമഗ്രികൾ സുഡാനിലെത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ ഉൾപ്പെടെയുള്ളവയാണ് ആദ്യഘട്ടത്തിൽ ഉള്ളത്. ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ്, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.