ഖത്തർ സമ്മാനമായി നൽകിയ ആഢംബര ജെറ്റ് വിമാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനാച്ഛാദനം ചെയ്യുന്നു

ഖത്തറിന്റെ സമ്മാനം; ആഢംബര വിമാനം ട്രംപ് അനാച്ഛാദനം ചെയ്തു

 

ദോഹ: ഖത്തർ സമ്മാനമായി നൽകിയ ആഢംബര ജെറ്റ് വിമാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനാച്ഛാദനം ചെയ്തു. അടുത്ത മാസം ആദ്യം ഇത് കമീഷൻ ചെയ്താൽ ട്രംപിന്റെ യാത്രകൾ ഈ വിമാനത്തിലായിരിക്കും. ജോർജ് എച്ച്. ഡബ്ല്യു ബുഷിന്റെ കാലം മുതൽ ഏകദേശം 40 വർഷമായി യു.എസ് പ്രസിഡന്റുമാർ യാത്ര ചെയ്തിരുന്ന പഴയ നീല വിമാനത്തിന് പകരമാണ് അമേരിക്കൻ പതാകയിലെ മൂന്ന് നിറങ്ങളിലുള്ള ബോയിങ് 747-8i ആഢംബര ജെറ്റ് വിമാനം ഉപയോഗിക്കുന്നത്. മുകളിൽ വെള്ളയും താഴെ നേവി നീലയും നടുവിൽ ചുവന്ന വരയുമുള്ള വിമാനത്തിന് പഴയ വിമാനത്തിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുണ്ട്. കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിതി. ജോയന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ഹ്രസ്വമായ ചടങ്ങിലാണ് ട്രംപ് വിമാനം അനാച്ഛാദനം ചെയ്തത്.

ഇളം നീല ഇഷ്ടമായിരുന്നുവെങ്കിലും മാറ്റത്തിനുള്ള സമയമായെന്നും അമേരിക്കൻ പതാകയുടെ നിറമാണ് ഇപ്പോൾ തനിക്ക് ഇഷ്ടമെന്നും ട്രംപ് പറഞ്ഞു. ബോയിങ്ങിന്റെ എയർഫോഴ്സ് വൺ മാറ്റിസ്ഥാപിക്കൽ പദ്ധതിയിലെ കാലതാമസത്തിലും പഴയ യുഎസ് പ്രസിഡൻഷ്യൽ വിമാനവും മറ്റു രാജ്യങ്ങളുടെ വിമാനങ്ങളുമായുള്ള താരതമ്യത്തിലും നിരാശനായാണ് താൻ ഖത്തർ അ​മീറിൽനിന്ന് വിമാനം സ്വീകരിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബോയിങ്ങിൽനിന്ന് യു.എസ് ഭരണകൂടം ഓർഡർ ചെയ്ത വിമാനങ്ങൾ 2028ഓടെയേ ലഭിക്കൂ. അതുവരെ ഖത്തർ നൽകിയ വിമാനത്തിലായിരിക്കും ട്രംപിന്റെ യാത്ര. ജൂലൈ നാലിന് യു.എസിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പുതിയ വിമാനം ഫ്ലൈ ഓവർ നടത്തുമെന്നും തുർക്കിയയിലെ നാറ്റോ ഉച്ചകോടിയിലേക്ക് ഈ വിമാനത്തിലാകും യാത്രയെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഫ്രാൻസിൽനിന്ന് ജി 7 ഉച്ചകോടി കഴിഞ്ഞ മടങ്ങിയതാണ് പഴയ എയർഫോഴ്സ് വണ്ണിലെ അവസാന ഔദ്യോഗിക യാത്രയെന്നും ട്രംപ് പറഞ്ഞു.

Tags:    
News Summary - Qatar's gift; Trump unveils luxury plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.