രാജ്യാന്തര ഭക്ഷ്യമേളയുടെയും ഫിഫ അറബ് കപ്പ് ഫാൻ പ്രോഗ്രാമിെൻറയും ഭാഗമായി ദോഹ കോർണിഷിൽ നടന്ന വെടിക്കെട്ട്
ദോഹ: നിരനിരയായ റോഡുകൾ, ചീറിപ്പായുന്ന വാഹനങ്ങൾ, രാവും പകലും വാഹനങ്ങളും സന്ദർശകരുമായി തിരക്കൊഴിയാത്ത കോർണിഷ്. റോഡ് മുറിച്ചുകടക്കൽ ഹിമാലയൻ ദൗത്യമായ കോർണിഷിൽ കഴിഞ്ഞ പത്തുദിനങ്ങൾ കാൽനടയാത്രക്കാർക്ക് സ്വന്തമായിരുന്നു. വാഹനപ്പെരുമഴപെയ്യുന്ന നിരത്തിൽ മേശയും കസേരയും നിരത്തി ആൾക്കൂട്ടങ്ങൾ രുചികൾ ആസ്വദിച്ചു.
സ്വദേശികളും വിദേശികളും ഉൾപ്പെടെ, ആയിരങ്ങൾ കുടുംബസമേതമെത്തി ആഘോഷമാക്കിയ രാപ്പകലുകൾ. നൃത്തവും സംഗീതങ്ങളുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ, രാത്രികൾക്ക് നിറക്കാഴ്ചയൊരുക്കി വെടിക്കെട്ടുകൾ, വർണാഭമായ ലേസർഷോയും, ദീപാലങ്കാരങ്ങളും.
സമീപത്തായി, ചുവന്ന നിറത്തിൽ ജ്വലിച്ചുനിൽക്കുന്ന ലോകകപ്പ് കൗണ്ട്ഡൗൺ േക്ലാക്ക് രാജ്യാന്തര തലത്തിലും ഖത്തറിെൻറ അടയാളമായി മാറുന്നു. ഫിഫ അറബ് കപ്പ് ഫുട്ബാളിെൻറ ആരവങ്ങൾക്കിടയിൽ ഖത്തറിെൻറ തുടിപ്പായി മാറുകയായിരുന്നു കോർണിഷിലും അൽബിദ പാർക്കിലുമായി നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേള. നവംബർ 26നാണ് തുടങ്ങിയത്.
ഖത്തറിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ കോർണിഷിൽ സ്വകാര്യ വാഹനങ്ങൾക്ക് പൂർണമാവും അനുമതി നിഷേധിച്ച്, ബസുകൾക്ക് മാത്രം പ്രവേശനം നൽകിയായിരുന്നു കഴിഞ്ഞ പത്തു ദിവസങ്ങൾ ഭക്ഷ്യമേളക്ക് വേദിയൊരുക്കിയത്. കോർണിഷിലെ ആഘോഷങ്ങൾ ശനിയാഴ്ചയോടെ അവസാനിച്ചെങ്കിലും അൽ ബിദ പാർക്കിൽ ഡിസംബർ 17 വരെ മേള തുടരും.
ഖത്തറിെൻറയും വിവിധ രാജ്യങ്ങളുടെയും രുചിവൈവിധ്യത്തിനൊപ്പം, വിവിധ സംസ്കാരങ്ങളുടെ കലാപരിപാടികളുമാണ് ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയത്. മെക്സിക്കൻ, ഇന്ത്യൻ, തായ്, മലേഷ്യൻ, ജാപ്പനീസ്, ഖത്തർ, ഇറ്റാലിയൻ, ഫിലിപ്പിനോ ഭക്ഷണ വിഭവങ്ങൾ, വ്യത്യസ്തമായ കോഫീ ടേസ്റ്റുകൾ അങ്ങനെ നീളുന്നു കോർണിഷിലും അൽബിദയിലുമായി ഒരുക്കിയ രുചിമേളങ്ങൾ. വാഗൺ ഫുഡ് കോർട്ടുകൾ, േഫ്ലാട്ടിങ് കഫേകൾ, 140ലേറെ കൗണ്ടറുകൾ, കുട്ടികൾക്കും യുവാക്കൾക്കും ഉല്ലസിക്കാൻ സംഗീത പരിപാടികൾ, കുക്കിങ് തിയറ്റർ, അൽ മസ്റ പാർക്ക് മുതലുള്ള ലൈറ്റ് ഫെസ്റ്റിവൽ എന്നിവയാണ് ഒരുക്കിയത്. കുക്കിങ് തിയറ്ററിൽ രാജ്യാന്തര പ്രശസ്തരായ ഷെഫുമാരുടെ പാചക ഷോകളാണ് മേളയുടെ മറ്റൊരു ആകർഷക ഘടകം.
കോർണിഷ് ഇന്നുമുതൽ തുറക്കും
ദോഹ: ഫിഫ അറബ് കപ്പിെൻറയും രാജ്യാന്തര ഭക്ഷ്യമേളയുടെയും ഭാഗമായി അടച്ചിട്ട കോർണിഷ് റോഡുകൾ ഇന്നുമുതൽ സാധാരണ നിലയിലേക്ക് മാറും. നവംബർ 26 മുതലാണ് ഗതാഗത നിയന്ത്രണ മേർപ്പെടുത്തിയത്. കോർണിഷ് ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുനൽകും. അതേസമയം, ഡിസംബർ 17 വരെ തുടരുന്ന ഭക്ഷ്യമേള അൽ ബിദ പാർക്കിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.