ദോഹ: ഖത്തറിലെ അക്ഷരപ്രേമികൾക്ക് വായനയുടെ ഉത്സവകാലം സമ്മാനിക്കാൻ 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് വ്യാഴാഴ്ച തുടക്കമാകും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകുന്ന മേള 17 വരെ നീണ്ടു നിൽക്കും.അതിഥിരാജ്യമായ ഫലസ്തീൻ ഉൾപ്പെടെ 43 രാജ്യങ്ങളിൽനിന്നായി 552 പ്രസാധകരാണ് ഇത്തവണ പുസ്തക മേളക്കെത്തുന്നത്. ഫലസ്തീനിൽനിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കാനെത്തും.രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച മൂന്ന് മുതൽ രാത്രി 10 വരെയുമായിരിക്കും. 1,66,000ത്തോളം വിവിധ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, നയതന്ത്ര സ്ഥാപനങ്ങൾ എന്നിവയും അണിനിരക്കും.
പത്തു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പുസ്തക മേളയോടനുബന്ധിച്ച് സാംസ്കാരിക, കലാപരിപാടികൾ, സെമിനാർ, പ്രഭാഷണങ്ങൾ, ശിൽപശാല എന്നിവയും അരങ്ങേറും. സംഘാടകരായ ഖത്തർ സാംസ്കാരിക മന്ത്രാലയം മികച്ച പ്രസാധകർക്കും എഴുത്തുകാർക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശിക, അന്താരാഷ്ട്ര പ്രസാധകർ, ബാല സാഹിത്യ പ്രസാധകർ, ക്രിയേറ്റിവ് റൈറ്റർ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും.
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിന്റെ ഏക സാന്നിധ്യമായി ഐ.പി.എച്ച് ബുക്സ് ഇത്തവണയുമെത്തുന്നു.കഴിഞ്ഞ 12 വർഷങ്ങളായി മലയാള പുസ്തകങ്ങളുമായി ദോഹ ബുക്ക് ഫെയറിൽ സജീവമായി പങ്കെടുക്കുന്ന ഐ.പി.എച്ച് 600ലധികം മലയാള പുസ്തകങ്ങളുമായാണ് ഇത്തവണയെത്തുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദർ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് തുടങ്ങി നിരവധി പ്രസാധകരുടെ പുസ്തകങ്ങളും പവലിയൻ ഒരുക്കും. മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളായ ആത്രേയകം, മരണവംശം, മരിയ വെറും മരിയ, ഒരിക്കൽ, അഗർത്ത തുടങ്ങിയ പുസ്തകങ്ങളും ലഭിക്കും. ദോഹ ബുക്ക് ഫെയറിലെ അതിഥി രാജ്യമായ ഫലസ്തീൻ വിഷയത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ നിരവധി പുസ്തകങ്ങളുടെ പ്രദർശനംതന്നെ ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. നൂറിലധികം ബാല സാഹിത്യ കൃതികളും ലഭ്യമാകും.
മലയാളത്തിലെ എക്കാലത്തെയും വലുതും ശ്രദ്ധേയവുമായ ഇസ്ലാമിക വിജ്ഞാന കോശം പ്രദർശനത്തിനുണ്ട്. തഫ്ഹീം പാക്കേജ്, ഹദീസ് പാക്കേജ്, ബാലസാഹിത്യ പാക്കേജ്, ചരിത്ര പാക്കേജ്, ഫലസ്തീൻ പാക്കേജ്, കുടുംബ പാക്കേജ് എന്നിവ ഉൾപ്പെടെ പാക്കേജുകളും അവതരിപ്പിക്കുന്നു. ഖത്തറിലെ മലയാളി പ്രവാസ എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാക്കും. കൂടാതെ ഓരോ ദിവസവും നിരവധി സർപ്രൈസുകൾ, മത്സരങ്ങൾ, പുസ്തക സമ്മാനങ്ങൾ പാവലിയനിൽ ഒരുക്കിയിട്ടുണ്ടെന്ന് ഐ.പി.എച്ച് മാനേജർ സിറാജ് അറിയിച്ചു. 10 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഐ.പി.എച്ച് പവലിയനോട് ചേർന്ന് നടത്തും. ദോഹ ബുക്ക് ഫെയറിലെ ഹാൾ നമ്പർ മൂന്നിൽ പവലിയൻ നമ്പർ 58ലാണ് ഐ.പി.എച്ച് സ്റ്റാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.