ദോഹ: സിറിയയിലെ വിവിധ ആശുപത്രികളിലേക്ക് അത്യാധുനികമായ 12 ടൺ മെഡിക്കൽ ഉപകരണങ്ങളെത്തിച്ച് ഖത്തർ. ഖത്തർ അമീരി വ്യോമസേനയുടെ വിമാനത്തിലാണ് മെഡിക്കൽ ഉപകരണങ്ങളുമായി പ്രതിനിധിസംഘം ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
സിറിയയിലെ ജനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ പിന്തുണക്കുന്നതിനായി ഖത്തർ സർക്കാറും മാനുഷിക സംഘടനകളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഉന്നതതല പ്രതിനിധി സംഘമാണ് സിറിയയിലെത്തിയത്.‘ടേക്ക് ഹാർട്ട് സിറിയ’ സംരംഭത്തിന്റെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങളും മറ്റ് ആവശ്യ സാധനങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ സിറിയയിൽ എത്തിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
സിദ്റ മെഡിസിൻ, അൽ-തഫാഓൽ ട്രേഡിങ് കമ്പനി, യുനൈറ്റഡ് ഇന്റർനാഷനൽ ട്രേഡിങ് കമ്പനി, ദോഹ ഹെൽത്ത് കെയർ ഗ്രൂപ് എന്നിവ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, സിറിയൻ അറബ് റെഡ് ക്രസന്റ് സൊസൈറ്റി, സിറിയൻ ആരോഗ്യ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് സഹായം നൽകിയത്.ഇതിനുമുമ്പ് കരമാർഗവും സിറിയയിലേക്ക് മെഡിക്കൽ സഹായങ്ങളെത്തിച്ചിരുന്നു.
ആഗസ്റ്റിൽ 22 ട്രക്കുകളിലായി 78 ടൺ സഹായം സൗദി അറേബ്യ, ജോർദാൻ വഴി സിറിയയിലെത്തിച്ചിട്ടുണ്ട്. ഇതോടെ, ആകെ 450 ലക്ഷം ഖത്തർ റിയാൽ മൂല്യമുള്ള 90 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് സിറിയയിലെത്തിച്ചത്.
ക്യു.ആർ.സി.എസ് പ്രസിഡന്റ് യൂസഫ് ബിൻ അലി അൽ ഖാതിർ, സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബദർ അൽ സാദ, കമ്യൂണിക്കേഷൻസ് ആൻഡ് റിസോഴ്സ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ ബഷ് രി എന്നിവരാണ് പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.