ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരത്തിന്റെ എട്ടാം പതിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് 100 മത്സരാർഥികൾ യോഗ്യത നേടി. അറബ്, ഇതര മേഖലകളിലെ 61 രാജ്യങ്ങളിൽനിന്നുള്ള 1348 പേരിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്കുള്ള 100 പേരെ തെരഞ്ഞെടുത്തതെന്ന് കതാറ അറിയിച്ചു. അറബ് രാജ്യങ്ങളിൽനിന്ന് 54 മത്സരാർഥികൾ അന്തിമഘട്ടത്തിലേക്ക് യോഗ്യത നേടിയപ്പോൾ അറബ് ഇതര രാജ്യങ്ങളിൽനിന്ന് 46 പേരും യോഗ്യത നേടി.
‘ഖുർആൻ നിങ്ങളെ ശബ്ദത്താൽ അലങ്കരിക്കൂ’ എന്ന തലക്കെട്ടിൽ നടക്കുന്ന മത്സരത്തിലൂടെ ഖുർആൻ പാരായണത്തിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, കഴിവുള്ളവരെ കണ്ടെത്തുക, അവർക്ക് പിന്തുണ നൽകി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്നിവയാണ് കതാറ ഖുർആൻ പാരായണ മത്സരത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
20 ടെലിവിഷൻ എപ്പിസോഡുകളിലായി നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ഓരോ എപ്പിസോഡിലുമായി അഞ്ചുപേർ വീതം പങ്കെടുക്കും. ഓരോ എപ്പിസോഡിൽനിന്നും മികച്ച ഒരാളെ തെരഞ്ഞെടുക്കുകയും സെമി ഫൈനലിലേക്ക് യോഗ്യത നൽകുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 20 പേരും അഞ്ച് റിസർവ് മത്സരാർഥികളുമടക്കം 25 പേരാണ് സെമി ഫൈനലിൽ മത്സരിക്കാനിറങ്ങുക. അഞ്ച് എപ്പിസോഡുകളിൽ ഓരോന്നിലും അഞ്ചുപേരെ പങ്കെടുപ്പിക്കുകയും അവരിൽ ഒരാളെ ഫൈനലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. ഫൈനലിലെത്തുന്ന അഞ്ചുപേരിൽനിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുക.
ആറുപേർ അടങ്ങുന്ന ജൂറിയാണ് വിജയിയെ തെരഞ്ഞെടുക്കുക. 1.5 ദശലക്ഷം റിയാലാണ് വിജയികൾക്കുള്ള സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് അഞ്ച് ലക്ഷം റിയാലും, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നാല് ലക്ഷം, മൂന്ന് ലക്ഷം റിയാൽ വീതവും ലഭിക്കും. നാലാം സ്ഥാനത്തിന് രണ്ട് ലക്ഷവും, അഞ്ചാം സ്ഥാനത്തിന് ലക്ഷം റിയാലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.