ദോഹ: ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ബയോ എത്തിക്സിന്റെ (ഐ.എ.ബി) 17ാമത് ബയോ എത്തിക്സ് കോൺഗ്രസിന് അടുത്ത വർഷം ജൂണിൽ ഖത്തർ ആതിഥ്യം വഹിക്കും. വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിന്റെ (വിഷ്) പങ്കാളിത്തത്തോടെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഇസ്ലാമിക് ലെജിസ്ലേഷൻ ആൻഡ് എത്തിക്സ് സെന്ററിൽ നടക്കുന്ന കോൺഗ്രസ് ലോകത്തിലെ ബയോ എത്തിക്സ് രംഗത്തുനിന്നുള്ള വിദഗ്ധരുടെയും ചിന്തകരുടെയും ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. രണ്ടുവർഷത്തിലൊരിക്കലാണ് ബയോ എത്തിക്സ് കോൺഗ്രസ് നടക്കുന്നത്.
മതം, സംസ്കാരം, ജൈവ ധാർമികത എന്ന തലക്കെട്ടിൽ 2024 ജൂൺ മൂന്നുമുതൽ ആറുവരെ നടക്കുന്ന സമ്മേളനത്തിന് ഇതാദ്യമായാണ് മിഡിലീസ്റ്റിലെയോ അറബ് ലോകത്തെയോ ഒരു രാജ്യം വേദിയാകുന്നത്.
അമേരിക്കയും യൂറോപ്പുമുൾപ്പെടുന്ന പാശ്ചാത്യ നാടുകളിൽ മാത്രം നടന്നിരുന്ന വേൾഡ് കോൺഗ്രസിന് ഒടുവിൽ മിഡിലീസ്റ്റ് വേദിയാകുകയാണെന്ന് ഇസ്ലാമിക് ലെജിസ്ലേഷൻ ആൻഡ് എത്തിക്സ് സെന്റർ റിസർച് അസി. സാറ അബ്ദുൽ ഗനി പറഞ്ഞു. മുസ്ലിംകളെയും അറബികളെയും ഗ്ലോബൽ സൗത്തിൽനിന്നുള്ള മറ്റുള്ളവരെയും ഈ വേദിയിൽ കാണാനാകും. എന്തുകൊണ്ടാണ് അക്കാദമികൾക്ക് പാശ്ചാത്യലോകം മാത്രം വേദിയാകുന്നതെന്ന് അവർ ചോദിച്ചു. യൂറോപ്പിനും അമേരിക്കക്കും പുറത്ത് ഒരിക്കൽ മാത്രം ഇന്ത്യയിൽ നടന്നതായിരുന്നു വ്യത്യാസം.
അതേസമയം, ഇസ്ലാമിക ധാർമികതയെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ വഴികളിൽ പ്രവർത്തിക്കുകയും വിദ്യാർഥികൾക്ക് ആശയങ്ങൾ മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഇസ്ലാമിക് ലെജിസ്ലേഷൻ ആൻഡ് എത്തിക്സ് സെന്റർ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു.
മനുഷ്യാവകാശങ്ങൾ, ജെൻഡർ അതിക്രമങ്ങൾ, സായുധ സംഘർഷങ്ങൾ തുടങ്ങി ഇസ്ലാമിക ധാർമികതയെയും യഥാർഥ ലോകത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ഇസ്ലാമിക് ലെജിസ്ലേഷൻ ആൻഡ് എത്തിക്സ് സെന്റർ ഫാക്കൽറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്നും സാറ അബ്ദുൽ ഗനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.