ദോഹ: ക്ലീൻ എനർജിയായി അറിയപ്പെടുന്ന ഹൈഡ്രജൻ ഉൽപാദനത്തിൽ ഖത്തറിന് മുൻനിരയിലെത്താൻ കഴിയുമെന്ന് വിദഗ്ധരുടെ നിരീക്ഷണം. സൗരോർജം സമൃദ്ധമായി ഉൽപാദിപ്പിക്കുന്നതിനാൽ ഹൈഡ്രജന്റെ പ്രധാന ഉൽപാദകരാകാൻ സാധ്യതയേറെയെന്ന് ഖത്തർ സർവകലാശാല പ്രഫസറും ശാസ്ത്രകാരനുമായ ഡോ. സമർ ഫിക്രി പറഞ്ഞു.
ശുദ്ധമായ ഊർജത്തിന് ആവശ്യമായ ഇന്ധനമാണ് ഹൈഡ്രജൻ. വാഹനങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ തുടങ്ങിയവയെ ചലിപ്പിക്കാനും വീടുകൾ, ഓഫിസുകൾ തുടങ്ങിയവയെ ചൂട് പിടിപ്പിക്കാനും സാധിക്കുന്ന ഹൈഡ്രജനിൽ നിന്ന് വൈദ്യുതിയും ഉൽപാദിപ്പിക്കാൻ സാധിക്കും.
പ്രകൃതിയിൽ സ്വാഭാവികാവസ്ഥയിൽ ഹൈഡ്രജൻ ലഭ്യമല്ലാത്തതിനാൽ അതിനെ വില കൂടിയ ഇന്ധനമാക്കി മാറ്റുന്നുവെന്നും ഉൽപാദന പ്രക്രിയയിലെ സംഭവവികാസങ്ങൾ ഹൈഡ്രജൻ വാതകത്തിന്റെ സാധ്യതകളെ വർധിപ്പിക്കുന്നുവെന്നും ഖത്തർ സർവകലാശാല എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസറായ ഡോ. സമർ ഫിക്രി ‘ദി പെനിൻസുലക്ക്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൗരോർജംപോലുള്ള പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലെ ദ്രുതഗതിയിലുള്ള വികാസം വഴി വൈദ്യുതവിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തിൽനിന്നും ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവ് കുറയുമെന്നും ഡോ. ഫിക്രി വിശദീകരിച്ചു.
രാജ്യത്ത് സൗരോർജം വലിയതോതിൽ ലഭ്യമായതിനാൽ ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രധാന ഉൽപാദകരാകാൻ ഖത്തറിന് കഴിയുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ശുദ്ധമായ ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുന്നതിനും ഹരിതഗൃഹ വാതകപ്രവാഹം കുറക്കുന്നതിനുമായുള്ള ഊർജതന്ത്രത്തിന്റെ ഭാഗമായി സൗരോർജം ഉപയോഗിക്കുന്നതിലേക്ക് ഖത്തർ കൂടുതൽ നടപടികൾ സ്വീകരിച്ചതായും ചൂണ്ടിക്കാട്ടി.
800 മെഗാവാട്ട് ശേഷിയുള്ള അൽ ഖർസാ സൗരോർജ വൈദ്യുതിനിലയം ഈയിടെ ഖത്തർ രാജ്യത്തിന് സമർപ്പിച്ചിരുന്നു. പദ്ധതിയിലൂടെ ഇരുപത് ലക്ഷം മെഗാവാട്ട് പവർ ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഹൈഡ്രജനാക്കി മാറ്റാൻ കഴിയുന്ന ഇന്ധനമായ ബ്ലൂ അമോണിയ നിർമിക്കാൻ നൂറ് കോടി ഡോളറിന്റെ പ്ലാന്റ് നിർമിക്കാനുള്ള പദ്ധതി ഖത്തർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി പ്രകൃതിവാതക വിലയെ അടിസ്ഥാനമാക്കി, നിലവിലുള്ള അറിയപ്പെടുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എണ്ണ, വാതക പ്രവർത്തനങ്ങളിൽ നിന്നുള്ള 40 ശതമാനം മീഥേൻ പ്രവാഹം കുറക്കാൻ ആകും- ഡോ. ഫിക്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.