ദോഹ: രാജ്യത്ത് അടിമുടി പൊള്ളിക്കുന്ന ചൂട് വർധിക്കുന്നതിനിടെ അതി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ. ഓരോ ദിനവും ചൂട് കൂടിവരുന്ന രാജ്യത്ത് വരുംദിനങ്ങളിൽ അന്തരീക്ഷ താപനില ശക്തമായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സീസണിലെ ഉയർന്ന അന്തരീക്ഷ താപനിലയാണ് രേഖപ്പെടുത്തിയത്. 49 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കൂടിയ താപനില. ഖത്തർ യൂനിവേഴ്സിറ്റി (49), ദോഹ എയർപോർട്ട് (49), മീസൈമിർ (49), തുറൈന (49), അൽവക്റ (48), ശഹാനിയ (48), മുഖൈനിസ് (49), മിസഈദ് (49) എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
വരുംദിവസങ്ങളിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. പൊള്ളുന്ന ചൂടിലൂടെയാണ് നിലവിൽ ഖത്തർ കടന്നുപോകുന്നത്. രാജ്യത്തിന്റെ ശരാശരി താപനില 40-46 ഡിഗ്രിക്ക് ഇടയിലാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭൂരിഭാഗം മന്ത്രാലയങ്ങളും ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
അയഞ്ഞതും മൃദുനിറവുമുള്ള വസ്ത്രങ്ങൾ ധരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പുറത്തു പോകുമ്പോൾ ഓരോ 30 മിനിറ്റും വിശ്രമിക്കുക, കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കാക്കി പോകാതിരിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
കഴിഞ്ഞ ദിവസം രാജ്യത്ത് മിർസം അഥവാ ദിറാ നക്ഷത്രമുദിച്ചത്തോടെ അന്തരീക്ഷ താപനില വർധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. നക്ഷത്രമുദിച്ച് 13 ദിവസം കനത്തചൂട് അനുഭവപ്പെടുമെന്നും ഹുമിഡിറ്റി വർധിക്കുമെന്നും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.