ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ്
ഉർദുഗാൻ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രീംസ്ട്രാറ്റജി കമ്മിറ്റിയിൽ വിവിധ കരാറുകളിൽ
ഒപ്പുവെക്കുന്നു
ദോഹ: ഉറ്റ സുഹൃദ് രാഷ്ട്രങ്ങൾ തമ്മിലെ ബന്ധം കൂടുതൽ ഉൗഷ്മളമാക്കി തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറ ഖത്തർ സന്ദർശനം. ഏഴാമത് ഖത്തർ -തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ ഉർദുഗാൻ വിവിധ മേഖലകളിലെ സഹകരണ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിൽ നിർണായകമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം പങ്കെടുത്ത സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയിൽ വിവിധ മേഖലകളിലായി 11 ഇന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സാംസ്കാരികം, കായികം, നയതന്ത്രം, വികസനം, ആരോഗ്യം, മതകാര്യം, മാധ്യമ സഹകരണം തുടങ്ങിയ മേഖലകളിൽ ഖത്തറും തുർക്കിയും വിവിധ തലങ്ങളിലായി സഹകരിക്കും.
രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയുടെ തുടർച്ചയായി, ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലുവും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ അടിയന്തര ദുരന്തനിവാരണ മാനേജ്മെൻറ് സംബന്ധിച്ച ധാരാണപത്രത്തിൽ ഒപ്പുവെച്ചു. വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഖത്തർ -തുർക്കി നയതന്ത്ര മേഖലയിലെ സഹകരണം സംബന്ധിച്ചും ഏകദേശ രൂപം നൽകി. 'അൻറാലിയ ഡിേപ്ലാമസി ഫോറം-ദോഹ ഫോറം' സംബന്ധിച്ച ധാരണപത്രത്തിലാണ് ഒപ്പുവെച്ചത്. ധനകാര്യം, ബാങ്കിങ് മേഖലയിലെ മന്ത്രിമാരും ഉന്നത സംഘങ്ങളും വിവിധ സഹകരണ കരാറുകളിൽ ധാരണയായി.
ചികിത്സരംഗത്തും, മെഡിക്കൽ സയൻസ്, വിദ്യാഭ്യാസം ഉൾപ്പെടെ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരിയും തുർക്കി ആരോഗ്യ മന്ത്രി ഫഹർദിൻ കോസയും ധരണപത്രത്തിൽ ഒപ്പുവെച്ചു. എട്ടാമത് സുപ്രീംസ്ട്രാറ്റജിക് കമ്മിറ്റി യോഗം തുര്‍ക്കിയില്‍ നടക്കും. അഫ്ഗാനിൻ ഇടപെടലിലും സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളിൽ അഭയാർഥികൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും ഖത്തറും തുർക്കിയും ഒന്നിച്ചാണ് പ്രവർത്തിച്ചത്. ഗൾഫ് ഉപരോധ കാലത്തും ഖത്തറിന് പിന്തുണയുമായി തുർക്കിയുണ്ടായിരുന്നു.
സുപ്രീംസ്ട്രാറ്റജി കമ്മിറ്റിക്കു പിന്നാലെ അമീരി ദിവാനിൽ തുർക്കി പ്രസിഡൻറിനും സംഘത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിരുന്നൊരുക്കി. കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്താനിലെയും പശ്ചിമേഷ്യയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുവരും ചർച്ചചെയ്തു. ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ശൈഖുമാർ എന്നിവരും തുർക്കി മന്ത്രിമാർ ഉൾപ്പെടെ ഉന്നത വ്യക്തികളും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.