ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാതെക് കഴിഞ്ഞ തവണ ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ടൂർണമെന്റിൽ കിരീടവുമായി, ഒൻസ് ജാബീർ
ദോഹ: ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ഫെബ്രുവരി 13 മുതൽ 18 വരെ ദോഹയിലെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കും. ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാതെക് ഉൾപ്പെടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തുസ്ഥാനക്കാരിൽ ഒമ്പതുപേരും മത്സരിക്കാനെത്തുമെന്നതാണ് ഇത്തവണത്തെ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസിന്റെ സവിശേഷത. 780,637 ഡോളറാണ് (ഏകദേശം 6.35 കോടി രൂപ) ടൂർണമെന്റിലെ മൊത്തം സമ്മാനത്തുക.
ഗ്രീസിന്റെ ലോക ആറാംനമ്പർ താരം മരിയ സക്കാരിയാണ് ടോപ്ടെന്നിൽ ദോഹയിലെത്താതെ പോകുന്ന ഏകതാരം. ലോക ഒന്നാം നമ്പർ താരമായ പോളണ്ടുകാരി ഇഗ സ്വിയാതെക് ആണ് ടൂർണമെന്റിലെ നിലവിലെ ചാമ്പ്യൻ. കഴിഞ്ഞ തവണ ഫൈനലിൽ എസ്തോണിയയുടെ അനെറ്റ് കോന്റവീറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ഇഗ ജേതാവിനുള്ള ഗോൾഡൻ ഫാൽക്കൺ ട്രോഫി സ്വന്തമാക്കിയത്. ദോഹയിലെ ഇഗയുടെ ആദ്യകിരീട വിജയമായിരുന്നു അത്. അതിനുശേഷമാണ് ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും കിരീടംചൂടി 21കാരിയായ ഇഗ ലോക ടെന്നിസിന്റെ നെറുകയിലെത്തിയത്. ഇന്ത്യൻ വെൽസ്, മിയാമി, സ്റ്റുട്ട്ഗർട്ട്, റോം, സാൻ ഡീഗോ ടൂർണമെന്റുകളിലും വാഴ്സോ സ്വദേശിനി കിരീടം ചൂടി.
ചാമ്പ്യൻഷിപ്പിൽ ഇക്കുറി സിംഗ്ൾസിൽ ലോകത്തെ 32 മുൻനിര താരങ്ങളും ഡബ്ൾസിൽ പ്രമുഖരടങ്ങിയ 16 ജോടിയും റാക്കറ്റേന്തും. ഇഗക്കുപുറമെ ലോക രണ്ടാം നമ്പർ താരം ഒൻസ് ജാബീറും മത്സരിക്കാനെത്തും. എ.ടി.പി റാങ്കിങ്ങിന്റെ ചരിത്രത്തിൽ ഏറ്റവുമുയർന്ന റാങ്കിങ് കരസ്ഥമാക്കുന്ന ആഫ്രിക്കൻ, അറബ് ടെന്നിസ് താരമാണ് തുനീഷ്യക്കാരിയായ ഒൻസ് ജാബീർ. ദോഹയിൽ വിജയം നേടിയാൽ മേഖലയിലെ തന്റെ ഐതിഹാസിക പരിവേഷത്തിന് മാറ്റുകൂട്ടാനാവുമെന്നതിന് പുറമെ, ടൂർണമെന്റിൽ ആദ്യമായി അറേബ്യനോ ആഫ്രിക്കനോ ആയ വിജയി കൂടി പിറവിയെടുക്കും.
കാണികളുടെ നിറഞ്ഞ പിന്തുണയും 28കാരിയായ ഒൻസിന് കരുത്തുപകരും. കഴിഞ്ഞ വർഷം ഗ്രാൻഡ്സ്ലാം കിരീടം കൈയെത്തുംദൂരെ അവർക്ക് നഷ്ടമാവുകയായിരുന്നു. വിംബ്ൾഡണിലും യു.എസ് ഓപണിലും കലാശപ്പോരാട്ടത്തിലാണ് ഒൻസിന് കാലിടറിയത്. ജെസിക്ക പെലുഗ, കരോലിൻ ഗാർസിയ, അറിന സബെലെങ്ക, കോകോ ഗോഫ്, ദാരിയ കസാറ്റ്കിന, വെറോണിക കുന്ദെർമെറ്റോവ, ബെലിന്ത ബെൻസിച്ച് എന്നിവരും ഖത്തറിലെ കാണികൾക്ക് വിരുന്നൊരുക്കാൻ അങ്കത്തട്ടിലിറങ്ങും. ആദ്യ പത്തു സ്ഥാനക്കാരിലേക്കാണ് സ്പോട്ട്ലൈറ്റുകൾ നീളുന്നതെങ്കിലും അതിനു പുറത്തുള്ള പ്രമുഖരും കളത്തിലെത്തുന്നുണ്ട്.
രണ്ടുതവണ ജേത്രിയും മുൻ ലോക ഒന്നാം നമ്പർ താരവുമായ പെട്രാ ക്വിറ്റോവയും ടൂർണമെന്റിനെത്തുന്നുണ്ട്. മൂന്നുതവണ ഖത്തറിൽ ചാമ്പ്യൻപട്ടത്തിലേറുന്ന ആദ്യ താരമെന്ന ബഹുമതിയാവും ക്വിറ്റോവയുടെ ഉന്നം. അനസ്താസിയ മിസ്കിന, മരിയ ഷറപോവ, വിക്ടോറിയ അസാരെങ്ക എന്നിവരാണ് 32കാരിയായ ക്വിറ്റോവക്കുപുറമെ രണ്ടുതവണ കിരീടം ചൂടിയ മറ്റു താരങ്ങൾ.
ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ടൂർണമെന്റിൽ ലോകത്തെ മുൻനിര താരങ്ങളെ മുഴുവൻ അണിനിരത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ടൂർണമെന്റ് ഡയറക്ടർ സഅദ് അൽ മുഹന്നദി പറഞ്ഞു. ‘‘ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിനുശേഷം ഖത്തറിൽ വിരുന്നെത്തുന്ന സുപ്രധാന ടൂർണമെന്റാണിത്. ലോകകപ്പ് പോലെ അതിശയിപ്പിക്കുന്ന പോരാട്ടവേദിയായി ഈ ടൂർണമെന്റിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോകം ഖത്തർ ടോട്ടൽ എനർജീസ് ഓപണിനെയും ആവേശപൂർവം ഉറ്റുനോക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ’’ -അൽ മുഹന്നദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.