ജനീവ: ജനീവയിൽ നടന്ന വേൾഡ് ഇന്‍റലക്ച്വൽ പ്രോപർട്ടി ഓർഗനൈസേഷന്‍റെ (ഡബ്യു.ഐ.പി.ഒ) 68-ആമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് ഖത്തർ. സമ്മേളനത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാലിഹ് അബ്ദുല്ല അൽ മന്നായിയാണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്.
ഡബ്യു.ഐ.പി.ഒയുമായി സഹകരിച്ച് രാജ്യത്തെ ബൗദ്ധിക സ്വത്തവകാശ സംവിധാനം കൂടുതൽ വികസിപ്പിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നൂതന ആശയങ്ങളെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുക, നിർമ്മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യകളുടെ ഫലപ്രദമായ ഉപയോഗത്തെ പിന്തുണക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുക എന്നിവയാണ് ഈ ശ്രമത്തിലൂടെ ലക്ഷ്യമിടുന്നത്. അംഗരാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സന്തുലിതവും ഫലപ്രദവുമായ അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഡബ്യു.ഐ.പി.ഒ വഹിക്കുന്ന കേന്ദ്ര പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നാണ് ഖത്തറും ഡബ്യു.ഐ.പി.ഒയും തമ്മിലുള്ള സഹകരണമെന്ന് അൽ മന്നായി ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ പ്രതിനിധി സംഘം വിവിധ അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായും അന്താരാഷ്ട്ര ഇന്‍റലക്ച്വൽ പ്രോപർട്ടി ഓഫീസുകളിലെ പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി.
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുക, വൈദഗ്ധ്യം കൈമാറുക, പരസ്പര താൽപര്യങ്ങൾക്കായി പങ്കാളിത്ത അവസരങ്ങൾ കണ്ടെത്തുക എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.