ദോഹ: ഫുട്ബാളും വോളിബാളും ബാസ്കറ്റ്ബാളും ആവേശത്തോടെ നെഞ്ചേറ്റിയ ഖത്തറിന്റെ മണ്ണിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് പൂരമെത്തുന്നു. ഗൾഫ് രാജ്യങ്ങൾ മാറ്റുരക്കുന്ന ‘ഗൾഫ് ട്വന്റി20’ ചാമ്പ്യൻഷിപ്പിന് സെപ്റ്റംബറിൽ ഖത്തർ വേദിയാകുമെന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ക്രിക്കറ്റ് ടീമുകളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനാണ് സെപ്റ്റംബര്‍ 13 മുതല്‍ 23 വരെ ഖത്തർ വേദിയാവുന്നത്.
രാജ്യത്തിന്റെ പ്രധാന ക്രിക്കറ്റ് മൈതാനിയായ ഏഷ്യന്‍ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഒമ്പത് രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.10 ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഖത്തറിനുപുറമെ യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മത്സരിക്കുന്നത്. 16 മത്സരങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ അണിനിരന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് വിജയകരമായി വേദിയൊരുക്കിയതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ ക്രിക്കറ്റ് അങ്കവുമായി ഖത്തർ വീണ്ടും സജീവമാകുന്നത്. ഗൗതം ഗംഭീർ, ഷാഹിദ് അഫ്രീദി, ഷുഐബ് അക്തർ, ബ്രെറ്റ് ലീ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ് ഉൾപ്പെടെ വിവിധ താരങ്ങളായിരുന്നു ലെജൻഡ്സ് ലീഗിൽ വിവിധ ടീമുകൾക്കായി മത്സരിച്ചത്. മധ്യപൂര്‍വ ദേശത്ത് ക്രിക്കറ്റിനോടുള്ള താല്പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കുള്ള മികച്ച വേദികളിലൊന്നായി ഖത്തര്‍ മാറുകയാണിപ്പോൾ.
മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയിലെ സഹകരണം ദൃഢമാക്കാനും ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റ് വഴിയൊരുക്കുമെന്ന് ക്യൂ.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽഥാനി പറഞ്ഞു.ഏഷ്യൻ വംശജരായ പ്രവാസികളും ഒപ്പം സ്വദേശികള്‍ക്കിടയിലും ക്രിക്കറ്റ് താൽപര്യം വർധിക്കുന്നതിന്റെ സൂചന കൂടിയാണ് കൂടുതൽ ടൂർണമെന്റുകളുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.