ദോഹ: ഭക്ഷ്യസുരക്ഷ, കാര്യക്ഷമത വർധിപ്പിക്കുക, സുസ്ഥിരത തുടങ്ങിയ ലക്ഷ്യവുമായി നൂതനമായ സ്മാർട്ട് ഫാമിങ് സാങ്കേതികവിദ്യകൾ സ്വീകരിച്ച് രാജ്യത്തെ കാർഷിക മേഖല വലിയൊരു മുന്നേറ്റത്തിന്റെ പാതയിൽ. ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വൈവിധ്യവത്കരണം, കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്നിവക്ക് ഊന്നൽ നൽകുന്നതിനായാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്.
ഇതിലൂടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) പറയുന്നു. സമീപ വർഷങ്ങളിൽ, ഭക്ഷ്യസുരക്ഷയെ ഒരു ദേശീയ ലക്ഷ്യമായി കണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഖത്തർ മുൻഗണന നൽകി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രാദേശിക ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി, പ്രത്യേകിച്ച് കാർഷിക ഉൽപന്നങ്ങളുടെയും പെട്ടെന്ന് കേടുവരുന്ന പച്ചക്കറികളുടെയും ഉൽപാദനം വർധിപ്പിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.
ഹൈടെക് ഹരിതഗൃഹങ്ങളുടെ വിപുലീകരണം, ആധുനിക ജലസേചന സംവിധാനങ്ങൾ, നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ വികസനം എന്നിവയിലൂടെ ഈ ശ്രമം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് വിവിധ സഹായങ്ങൾ നൽകിയും ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിച്ചും മുനിസിപ്പാലിറ്റി മന്ത്രാലയം ഈ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
നേരത്തേതന്നെ നൂതന കൃഷിരീതികളായ ഗ്രീൻ ഹൗസുകൾ, ഹൈഡ്രോപോണിക്സ്, വെർട്ടിക്കിൾ ഫാർമിങ് തുടങ്ങിയ കൃഷിരീതികളും കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിനും ഹൈഡ്രോപോണിക് പോലുള്ള ജലക്ഷമതയുള്ള കാർഷിക സാങ്കേതികവിദ്യകൾ സ്ഥാപിക്കുന്നതിന് പ്രാദേശിക ഫാമുകളിലേക്ക് ജലസേചന ശൃംഖല എത്തിക്കുന്നതിനും ശ്രമങ്ങളും നടത്തിയിരുന്നു.
കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരമായി ഖത്തർ സുസ്ഥിരവും നൂതനവുമായ പരിഹാരങ്ങൾ കാര്യക്ഷമാമായി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊറിയ ട്രേഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയിരുന്നു. ഖത്തറിലെ ഭക്ഷ്യോൽപാദനത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതിലും സംരക്ഷിത കൃഷി പോലുള്ള നയങ്ങൾ നിർദേശിക്കുന്നതിലുമായിരുന്നു ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്.
വിത്ത്, കീടനാശിനികൾ, രാസവളങ്ങൾ, ഗ്രീൻ ഹൗസ് സംവിധാനങ്ങൾ, ജലസേചന ശൃംഖല, കാർഷിക ഉൽപന്നങ്ങളുടെ വിപണനം എന്നിവയിലൂടെ രാജ്യത്തെ പ്രാദേശിക ഫാമുകളെ സർക്കാർ പിന്തുണക്കുന്നുണ്ട്. ആധുനിക കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും അൽ സുബാരയിലെ അൽ ശമാൽ സെന്റർ, ഉംസലാലിലെ അൽ വസത് സെന്റർ, അൽ ഷഹാനിയയിലെ അൽ ജനൂബ് സെന്റർ എന്നീ കാർഷിക സേവന കേന്ദ്രങ്ങളിൽ ലഭ്യമാണ്. ദേശീയ കാർഷിക പദ്ധതിയെ അടിസ്ഥാനമാക്കി, ഉഴുതുമറിക്കലും നിരപ്പാക്കലും ഉൾപ്പെടെയുള്ള നിലമൊരുക്കൽ പ്രവൃത്തികൾക്കായി ഈ കേന്ദ്രങ്ങൾ കർഷകരെ സഹായിക്കുന്നു. കർഷകർക്ക് അവശ്യമായ വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, പാക്കേജിങ് വസ്തുക്കൾ എന്നിവയും ഇവിടെനിന്ന് ലഭിക്കുന്നുണ്ട്.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും പരിമിതികൾക്കിടയിലും കൂടുതൽ കാർഷിക വിളവുകൾ പ്രാദേശികമായി ഉൽപാദിപ്പിക്കാനും രാജ്യത്തെ പ്രാപ്തമാക്കുന്നതിനും ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു. മറ്റ് മേഖലകളിൽ കുതിപ്പ് തുടരുന്നതിനൊപ്പം, കാർഷിക മേഖലയിലും ഖത്തർ സ്വയം പര്യാപ്തത കൈവരിച്ച് കൂടുതൽ വളർച്ചകളിലേക്ക് കുതിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.