10 കി.മീറ്റർ മാസ്റ്റേഴ്സിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ് മുസുങ്കു, രണ്ടാം സ്ഥാനം നേടിയ അബ്ദുൽ നാസർ, മൂന്നാമതെത്തിയ കമാലുദ്ദീൻ തുരി എന്നിവർ
ദോഹ: ഖത്തറിലെ കായികപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്ത ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ സൂപ്പർ താരങ്ങളായി കെനിയക്കാരൻ ക്രിസ് മുസുങ്കുവും ബ്രിട്ടന്റെ സാന്ദ്ര ഹാലോയും. ഏറ്റവും ദൈർഘ്യമേറിയ ദൂരവിഭാഗമായ 10 കിലോമീറ്റർ മാസ്റ്റേഴ്സിൽ മാറ്റുരച്ച ഇരുവരും മികച്ച സമയം കുറിച്ച് നാലാമത് ഖത്തർ റണ്ണിലെ ഏറ്റവും മികച്ച താരങ്ങളായി മാറി.
മാസ്റ്റേഴ്സിലാണ് മത്സരിച്ചതെങ്കിലും 40ന് താഴെ പ്രായക്കാർ മത്സരിച്ച ഓപൺ വിഭാഗത്തിനേക്കാൾ മികച്ച സമയത്തിലായിരുന്നു ഇരുവരുടെയും ഫിനിഷ്. മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ 38 മിനിറ്റ് 49 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് കെനിയയിൽ നിന്നുള്ള ക്രിസ് മുസുങ്കു ഏറ്റവും മികച്ച ഓട്ടക്കാരനായത്.
ഖത്തറിലെ മാരത്തൺ വേദികളിൽ പതിവു സാന്നിധ്യമായ 50കാരനായ ക്രിസ്, തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞവരേക്കാളും മികച്ച സമയത്തിലായിരുന്നു ഫിനിഷ് ചെയ്തത്. വനിതകളിലും മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിച്ച താരം ഏറ്റവും മികച്ച നേട്ടം കൊയ്തു. 49കാരിയായ സാന്ദ്ര ഹാലോസ് 51 മിനിറ്റിൽ 10 കിലോമീറ്റർ പൂർത്തിയാക്കി.
അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ വനിതകളിൽ ഓപൺ വിഭാഗത്തിൽ മത്സരിച്ച റോസിൽ അയുറോയും (21 മിനിറ്റ്), പുരുഷന്മാരിൽ ഓപണിൽ മത്സരിച്ച എസികേൽ കിബിടോക് യെഗോയും (18:39) ഏറ്റവും മികച്ച വേഗക്കാരായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.