ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: ഖത്തറിലെ ഓട്ടപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ആറാം പതിപ്പിനായി ട്രാക്കുണരുന്നു. കഴിഞ്ഞ അഞ്ചു സീസണുകളിലായി വിവിധ രാജ്യക്കാരായ പ്രവാസികളും സ്വദേശികളും ഏറ്റെടുത്ത ‘ഖത്തർ റൺ’ ആറാം പതിപ്പിന് ഫെബ്രുവരി 14ന് വിസിൽ മുഴങ്ങും. ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധദൂര വിഭാഗങ്ങളിലെ മത്സരങ്ങൾക്ക് ആസ്പയർ പാർക്കിലെ റേസിങ് ട്രാക്കാണ് വേദിയാവുന്നത്. മാരത്തൺ ഓട്ടക്കാരുടെ പ്രിയപ്പെട്ട നാടായി മാറിയ ഖത്തറിൽ കഴിഞ്ഞ അഞ്ചു സീസണുകളിലായി പങ്കാളിത്തവും സംഘാടനവും കൊണ്ട് ശ്രദ്ധേയമായ ‘ഖത്തർ റൺ’ കൂടുതൽ വൈവിധ്യങ്ങളുമായാണ് ആറാം സീസണിലെത്തുന്നത്. കഴിഞ്ഞ വർഷം ദോഹ എക്സ്പോയുടെ ഭാഗമായി നടന്ന റണ്ണിൽ യൂറോപ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക വൻകരകളിൽ നിന്നുള്ള 60ൽ ഏറെ രാജ്യക്കാരും ആയിരത്തോളം താരങ്ങളും പങ്കെടുത്തിരുന്നു. പ്രഫഷനൽ ഓട്ടക്കാർ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വരെ മത്സരങ്ങളിൽ പങ്കാളികളാകുന്നതാണ് സവിശേഷത.
എല്ലാവർക്കും ഓടാം
വിവിധ ദൂരവിഭാഗങ്ങളിലായി പല പ്രായക്കാർക്കായി ‘ഖത്തർ റൺ’മത്സരങ്ങളുണ്ട്. 10 കിലോമീറ്റർ, 5 കി.മീ, 2.5 കി.മീ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ മത്സരങ്ങൾ ഒരേ വേദിയിൽ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളുമുണ്ട്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ ഏഴ് മുതലാണ് ആസ്പയർ പാർക്കിൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഓടാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ‘ഗൾഫ് മാധ്യമം’ ഖത്തർ റണ്ണിൽ ഓടാൻ അവസരം. 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 125 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ഏഴ് മുതൽ 16വരെ പ്രായക്കാരുടെ ജൂനിയർ കാറ്റഗറിക്ക് 75 റിയാലും, മൂന്ന് മുതൽ ആറു വയസ്സുവരെ കുട്ടികളുടെ മിനി കിഡ്സിന് 75 റിയാലുമാണ് ഫീസ്. മത്സരാർഥികൾക്ക് ഇലക്ട്രോണിക് ബിബ്, ജഴ്സി എന്നിവയും മത്സരം പൂർത്തിയാക്കുന്നവർക്ക് മനോഹരമായ മെഡലും ഇ-സർട്ടിഫിക്കറ്റും ലഭിക്കും. വിജയികളെ കാത്ത് വമ്പൻ സമ്മാനങ്ങളുമുണ്ട്. ‘ഖത്തർ റണ്ണിൽ’ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘ക്യൂ ടിക്കറ്റ്സ്’ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് +974 6674 2974 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.