ദോഹ: കായിക-യുവജന മേഖലകളിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ സേവനങ്ങൾക്കും ലൈസൻസുകൾക്കുമുള്ള ഫീസ് കുറച്ച് കായിക മന്ത്രാലയം. ഖത്തറിലെ കായിക മേഖലയിലെ നിക്ഷേപ അവസരങ്ങളെയും കായിക വികസനത്തെയും പിന്തുണക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ തീരുമാനവുമായി കായിക മന്ത്രാലയം രംഗത്തെത്തിയത്.
മേഖലയിലെ സംരംഭകർക്കും നിക്ഷേപകർക്കും ഗുണകരമാകുന്ന പുതിയ മന്ത്രിതല തീരുമാനം നമ്പർ 177/ 2025 കായിക യുവജനകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പുറപ്പെടുവിച്ചു. സേവനങ്ങൾക്കും ലൈസൻസുകൾക്കുമുള്ള പുതിയ ഫീസ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കായിക -യുവജന മേഖലകളിലെ നിക്ഷേപകരെയും സംരംഭകരെയും പിന്തുണക്കുന്നതിനും നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതിനും, അതുവഴി ദേശീയ വികസന പ്രക്രിയയിൽ ഇവരുടെ സജീവ പങ്കാളികളിത്തം വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. മാനുഷിക-സാമൂഹിക-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി, കായിക-യുവജന പ്രവർത്തനങ്ങളുടെ വികസനത്തിന് അനുകൂലമായ നടപടിയാണിത്.
ന്യായമായ ഫീസ് ഈടാക്കി ഗുണമേന്മ മെച്ചപ്പെടുത്താനും, നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനും അതുവഴി കായിക രംഗത്ത് സുസ്ഥിരതയും മത്സരശേഷിയും ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കായിക യുവജനകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.