ദോഹ: യമനിലെ 11 ഗവർണറേറ്റുകളിലെ 59 ജില്ലകളിലായി 3.7 ലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധമായ കുടിവെള്ളമെത്തിച്ചതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി യമൻ ഓഫിസ് മേധാവി എൻജിനീയർ അഹ്മദ് ഹസൻ അൽ ശറാജി പറഞ്ഞു. യമനിലെ അബ് യാൻ ഗവർണറേറ്റിലെ മുദിയ, ലൗദർ പട്ടണങ്ങളിൽ കുഴൽക്കിണറുകളും വാട്ടർ ടാങ്കുകളും നിർമിക്കുന്ന പദ്ധതി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി പൂർത്തിയാക്കി. 23,200 പേർക്ക് ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാല് ലക്ഷത്തിലധികം ഡോളർ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
നാല് കുഴൽക്കിണറുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പിങ് സംവിധാനങ്ങൾ, നാല് കോൺക്രീറ്റ് വാട്ടർ ടാങ്കുകൾ, കൺട്രോൾ റൂമുകളുടെ നിർമാണം, കുഴൽക്കിണറുകളെയും ടാങ്കുകളെയും ബന്ധിപ്പിക്കുന്ന 3926 മീറ്റർ ജലവിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.പദ്ധതിയുടെ പൂർത്തീകരണത്തിനുശേഷം ഇവ പ്രദേശത്തെ ജനങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. ചടങ്ങിൽ സംബന്ധിക്കവേ ലൗദർ ഡയറക്ടർ ജനറൽ ജമാൽ അലാല സന്തോഷം പ്രകടിപ്പിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പിന്തുണയോടെ ലൗദർ പ്രദേശത്ത് കുടിവെള്ള പദ്ധതിക്ക് തുടക്കമാകുകയാണ്. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത പ്രദേശത്തെ 10 ഗ്രാമങ്ങളിൽ പദ്ധതിയിലൂടെ സുസ്ഥിരമായ കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളായ രണ്ട് പ്രദേശങ്ങളിലും വലിയൊരു വികസന നേട്ടമാണിതെന്ന് മുദിയ ഡയറക്ടർ ജനറൽ അലി ഹർബാജി പറഞ്ഞു. വർഷങ്ങളോളം പ്രദേശത്ത് കുടിവെള്ളത്തിന്റെ ദൗർലഭ്യവും അടിസ്ഥാന സൗകര്യങ്ങളും കാരണം ജനങ്ങൾ ദുരിതത്തിലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഞ്ച് ഗ്രാമങ്ങളിലായി 3000ത്തിലധികം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുമെന്നും വർഷങ്ങളായുള്ള കഷ്ടപ്പാടുകൾക്ക് പദ്ധതിയിലൂടെ അവസാനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മുതൽ പ്രദേശത്ത് കുടിവെള്ളം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി നടത്തിയ ദുരിതാശ്വാസ വികസന ഇടപെടലുകളെക്കുറിച്ച് യമൻ ഓഫിസ് മേധാവി എൻജിനീയർ അഹ്മദ് ഹസൻ അൽ ശറാജി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. അഞ്ച് വർഷത്തിനിടെ 10 പദ്ധതികളിലൂടെ 3.5 മില്യൺ ഡോളറിലധികം ചെലവിൽ 352 കിണറുകളും 21 കുഴൽക്കിണറുകളും നിർമിക്കുകയും, പുനരുദ്ധാരണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് 11 ഗവർണറേറ്റുകളിലെ 59 ജില്ലകളിലായി 3,70,581 ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ സാധിച്ചു. താഇസ്, ദാലെ, അൽ ഹുദൈദ, റൈമ, സഅദ, അൽ ജൗഫ്, അൽ മഹ് വിത്, ലാഹിജ്, അബ് യാൻ തുടങ്ങിയ ഗവർണറേറ്റുകളിലാണ് പദ്ധതികൾ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ റിപ്പോർട്ടുകൾ പ്രകാരം കുടിവെള്ള സ്രോതസ്സുകൾ ഉറപ്പാക്കുന്നതിൽ ലോകത്തിലെ ഏറ്റവും പിറകിലുള്ള രാജ്യങ്ങളിൽ ഒന്നാണ് യമൻ. ജനസംഖ്യയിൽ പകുതിയിലധികം ജനങ്ങൾക്കും പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിൽ ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല. ജലപ്രതിസന്ധി ലഘൂകരിക്കുന്നതിന് 35,000 ആളുകളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ടാങ്കുകളും പമ്പുകളും ഘടിപ്പിച്ച 10 പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും യമനിൽ തുടക്കംകുറിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.