ദോഹ: ജി.സി.സി രാജ്യങ്ങളുമായുള്ള ഖത്തറിെൻറ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചു കൊണ്ട് മാത്രമേ ജി.സി.സിയുടെ ഐക്യം സാധ്യമാകൂെവന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. അമേരിക്കയിലെ ഒരു സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കുമിടയിൽ തുല്യതയും സമത്വവും പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖത്തറിനെതിരെ അന്യായ ഉപരോധം ഏർപ്പെടുത്തിയ അയൽരാജ്യങ്ങളടക്കമുള്ളവരോട് അവരുടെ രീതിയിൽ പ്രതികരിക്കാൻ ഖത്തറിെൻറ സംസ്കാരം അനുവദിക്കുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും കെട്ടുകഥകൾക്കും മീതെയാണ് ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയത്. ഇതിൽ അന്താരാഷ്ട്രസമൂഹത്തിന് നല്ല അവബോധമുണ്ട്. ഖത്തറിനെതിരായ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ വിഷയം അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂട്ടിച്ചേർത്തു.
ഉപരോധത്തിെൻറ ആദ്യ ദിനം മുതൽ തന്നെ ഖത്തറിെൻറ നിലപാട് അമീർ ശൈഖ് തമീംബിൻ ഹമദ് ആൽഥാനി ലോകത്തിന് മുന്നിൽ വ്യക്തമാക്കിയതാണ്. ഉപരോധ രാജ്യങ്ങൾ ഖത്തറിനോട് പെരുമാറുന്ന രീതിയിൽ പ്രതികരിക്കാത്തത് ഖത്തറിെൻറ മര്യാദയും സംസ്കാരവും പൈതൃകവും അതിനനുവദിക്കാത്തതുകൊണ്ടാണ്.
അന്താരാഷ്ട്ര സമൂഹത്തോട് പ്രതിബദ്ധതയുള്ളവരെന്ന നിലക്ക് ഉപരോധ രാഷ്ട്രങ്ങളോട് പ്രതികരിക്കുന്നതിന് ഖത്തറിന് അതിെൻറ സംസ്കാരവും മൂല്യങ്ങളും പിൻപറ്റിയേ തീരൂ. അതിനാൽ അവർ ഖത്തറിനെതിരായി ഉപരോധവും ബഹിഷ്കരണവും ഏർപ്പെടുത്തിയപ്പോൾ അതേ രീതിയിൽ തിരിച്ചടിക്കാൻ ഖത്തർ മുതിർന്നിട്ടില്ല. ഉപരോധത്തെ തുടർന്ന് ഖത്തറിലേക്കുള്ള ഭക്ഷ്യ, ധാന്യങ്ങളുടെയും മരുന്നുകളുടെ വിതരണം കൂടിയാണ് തടയപ്പെട്ടതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിെൻറ പരമാധികാരം അടിയറ വെക്കാത്ത ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ. ഭാവിയിലുണ്ടാകുന്ന ഏത് കരാറുകളിലും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിെൻറയും രാജ്യത്തെ കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന അഭിപ്രായഭിന്നതകളിലും സംഘർഷങ്ങളിലും കുട്ടികൾ ബലിയാടാകാൻ പാടില്ലെന്നും ആവശ്യപ്പെട്ടു. ഇത് ഖത്തറിെൻറ മാത്രം താൽപര്യമല്ല. മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും താൽപര്യവും ഇതാണെന്നും ഓരോ രാജ്യത്തിനും മറ്റു രാജ്യങ്ങളുമായുള്ള ഉത്തരവാദിത്തങ്ങൾ പുതിയ കരാറിൽ തീർത്തും വ്യക്തമാക്കിയിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.