ദോഹ: രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കുന്ന ചികിത്സക്ക് വക്റ ആശുപത്രിയിലെ ത്തുന്നവർ ഇനി കാറിൽ നിന്നിറങ്ങേണ്ട. ഇതിനായുള്ള ആശുപത്രിയിലെ ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് ഇനി മുതൽ കാറിൽനിന്ന് ഇറങ്ങാതെതന്നെ ചികിത്സാനടപടികൾ പൂർത്തിയാക്കി മടങ്ങാം. കോവിഡ്-19 പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെയും പ്രതിരോധപ്രവർത്തന ങ്ങളുടെയും ഭാഗമായാണ് പുതിയ സേവനം. വക്റ ആശുപത്രിയിലെ കാർഡിയോളജി വകുപ്പിെൻറയും ഫാർമസിയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഈ ക്ലിനിക്ക്.
രോഗികൾക്ക് ഇനിമുതൽ ആശുപത്രിയിൽ പ്രവേശിക്കുകയോ മരുന്ന് വാങ്ങുന്നതുവരെയുള്ള നടപടികൾ പൂർത്തിയാക്കുകയോ ചെയ്യേണ്ടിവരില്ല. മേഖലയിൽതന്നെ ആദ്യത്തെ ഇത്തരത്തിലുള്ള ആൻറിക്വഗുലേഷൻ ക്ലിനിക്കാണ് അൽ വക്റ ആശുപത്രിയിലുള്ളത്. കാർഡിയോളജിസ്റ്റിെൻറ മേൽനോട്ടത്തിൽ ക്ലിനിക്കൽ ഫാർമസിസ്റ്റാണ് ക്ലിനിക്കിലെത്തുന്ന രോഗിയുടെ തുടർപരിശോധന നടപടികൾ പൂർത്തിയാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ നിരവധി രോഗികൾ ആശുപത്രിയിൽ നേരിട്ടെത്തി ചികിത്സ തേടുന്നത് സംബന്ധിച്ച് ആശങ്കപ്പെടുകയാണ്. അവർക്ക് ഏറെ ആശ്വാസകരമാകും പുതിയ സംവിധാനമെന്ന് കാർഡിയോളജി വകുപ്പ് മേധാവി ഡോ. ഇസ്സ് അൽ ദീൻ ഹംസ സവാലി പറഞ്ഞു. കാർഡിയാക്, ഇേൻറണൽ മെഡിസിൻ വകുപ്പുകളിലെ രോഗികളാണധികവും ക്ലിനിക്കിലെത്തുന്നത്. മാറാവ്യാധികൾ അലട്ടുന്നവരും വയോജനങ്ങളും ഇതിലുൾപ്പെടും. പുതിയ രീതിയനുസരിച്ച് രോഗികൾക്ക് പരിശോധനകളെല്ലാം സ്വന്തം കാറിലിരുന്നുതന്നെ നടത്താം. അപ്പോയിൻറ്മെൻറിന് മുമ്പായി രോഗിയെ വിളിക്കുകയും എത്തേണ്ട സമയം അറിയിക്കുകയും ചെയ്യും. വക്റ ആശുപത്രി കാർ പാർക്കിങ്ങിലെത്തിയ രോഗിയെ പരിശോധിക്കുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ട് നഴ്സ് കാറിനടുത്തേക്ക് വരും. ടെസ്റ്റ് നടത്തും. കുറഞ്ഞ സമയത്തിനുള്ളിൽതന്നെ പരിശോധനഫലം രോഗിക്ക് അറിയുകയും ചെയ്യാം.
ചികിത്സാ നടപടികൾക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റ് പരിശോധനഫലം നോക്കി രോഗിയെ വിളിക്കും. ഭക്ഷണശീലം, മരുന്നുകൾ, അലർജി എന്നിവ സംബന്ധിച്ച് ചോദിച്ചറിയും. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും. പിന്നീട് എച്ച്.എം.സിയുടെ മെഡിസിൻ ഡെലിവറി സർവിസ് വഴി രോഗിക്ക് മരുന്നുകൾ വീട്ടിലെത്തിക്കുകയും ചെയ്യും. അമേരിക്കയിലടക്കമുള്ള ആശുപത്രികളിൽ ഇത്തരം നൂതന മാർഗങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് ക്ലിനിക്കൽ ഫാർമസി വകുപ്പ് അസി. ഡയറക്ടർ ഡോ. ഇമാൻ അൽ ഹമൂദ് പറഞ്ഞു.
വക്റയിലെ ആൻറിക്വഗുലേഷൻ ക്ലിനിക്കിൽ പ്രതിമാസം 200ഓളം രോഗികളാണ് ചികിത്സക്കെത്തുന്നത്. ഇതിൽ 70 ശതമാനവും നേരേത്ത ശസ്ത്രക്രിയ കഴിഞ്ഞവരോ മാറാവ്യാധിയുള്ളവരോ വയോജനങ്ങളോ ആയിരിക്കും. അൽ വക്റ ആശുപത്രിയിൽ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ ടെലിഫോൺ വഴിയുള്ള കൺസൽട്ടിങ് സേവനം തുടരുന്നുണ്ടെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. സബാഹ് അദ്നാൻ അൽ ഖാദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.