ദോഹ: ഉപയോഗിച്ച ബാറ്ററികൾ അനധികൃതമായി വിൽപന നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. റീസൈക്ലിങ് മേഖലയിൽ അനുമതിയോടെ പ്രവർത്തിക്കുന്ന കമ്പനികളോ മന്ത്രാലയം നിശ്ചയിച്ച ഡെലിവറി പോയൻറുകളോ അല്ലാതെ ഉപയോഗിച്ച ബാറ്ററികൾ വിൽക്കുന്നത് രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. ചില കമ്പനികളും സ്ഥാപനങ്ങളും ഇടപാടുകാർക്കും മറ്റു ചില കമ്പനികൾക്കും ഉപയോഗിച്ച ബാറ്ററികൾ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സാങ്കേതിക, പാരിസ്ഥിതിക നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത് നടക്കുന്നത്.
ഇത് കുറ്റകരമാണ്. ബാറ്ററികൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മിക്ക കമ്പനികളും വ്യവസായിക, പാരിസ്ഥിതിക ചട്ടങ്ങൾ പാലിക്കുന്നില്ല. 2002ലെ 30ാം നമ്പർ നിയമം പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ഉപയോഗം കഴിഞ്ഞ ബാറ്ററികൾ ഏറ്റവും അപകടകരമായ മാലിന്യമായാണ് കണക്കാക്കുന്നത്. ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള മാനദണ്ഡങ്ങൾ പാലിച്ച് വളരെ സുരക്ഷിതമായ രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടത്. ഇക്കാര്യത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.