ഖത്തർ ദേശീയദിന കായിക പരിപാടിയിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: കായിക സംസ്കാരത്തിലൂടെ ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി വീണ്ടുമൊരു കായിക ദിനത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. മുൻ വർഷങ്ങളിലെന്നതുപോലെ ഇത്തവണയും വിപുലമായ പരിപാടികളും മത്സരങ്ങളും ആഘോഷവും ഉൾക്കൊള്ളിച്ചാണ് ഖത്തർ ദേശീയ കായികദിനം ആഘോഷിക്കുന്നത്.
‘നെവർ ടൂ ലേറ്റ് -ഒരിക്കലും വൈകരുത്’ എന്ന ശീർഷകത്തിൽ സ്പോർട്സ് ശീലങ്ങളിലേക്ക് സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് ഇത്തവണത്തെ ദേശീയ കായികദിനം. ഖത്തർ നാഷനൽ ഒളിമ്പിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബുകൾ, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, സ്വകാര്യ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കമ്യൂണിറ്റി സംഘടനകൾ എന്നിവക്കു കീഴിൽ വിപുലമായ പരിപാടികളാണ് ചൊവ്വാഴ്ച നടക്കുക.
ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി കായിക ദിനാഘോഷങ്ങളുടെ കേന്ദ്രമായി മാറും. കായിക, ആരോഗ്യ മേഖലയുടെ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഫോക്സ്വാഗൺ മിഡിലീസ്റ്റുമായി സഹകരിച്ച് നിരവധി മത്സരങ്ങളാണ് എജുക്കേഷൻ സിറ്റിയിൽ രാവിലെ ഏഴ് മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെ സംഘടിപ്പിക്കുന്നത്. നീന്തലും സൈക്ലിങ്ങും ഓട്ടമത്സരവും ഒരുമിക്കുന്ന എജുക്കേഷൻ സിറ്റി ട്രയാത്ത്ലൺ ഇത്തവണ വീണ്ടുമെത്തുമെന്ന സവിശേഷതയും ഖത്തർ ഫൗണ്ടേഷൻ ദേശീയ കായികദിനാഘോഷ പരിപാടിക്കുണ്ട്.
സ്ത്രീകൾക്കും, പൊതു വിഭാഗത്തിലുമായി ട്രയാത്ത്ലൺ നടക്കും. 100 മീറ്റർ നീന്തൽ, നാല് കിലോമീറ്റർ സൈക്ലിങ്, 1.25 കിലോമീറ്റർ ഓട്ടം എന്നിവയാണ് ട്രയാത്ത്ലണിൽ ഉൾപ്പെടുന്നത്. രജിസ്ട്രേഷൻ എജുക്കേഷൻ സിറ്റി വെബ്സൈറ്റ് വഴി നടക്കുന്നുണ്ട്. കായിക ദിനത്തിൽ മുതിർന്നവർക്കായി 10, അഞ്ച്, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിൽ എജുക്കേഷൻ സിറ്റി റണ്ണും അരങ്ങേറും. കുട്ടികൾക്ക് മൂന്ന് കിലോമീറ്റർ, 800 മീറ്റർ എന്നിങ്ങനെ രണ്ട് ജൂനിയർ റേസുകളും ഉണ്ടായിരിക്കും.
എജുക്കേഷൻ സിറ്റി മൗണ്ടെയ്ൻ ബൈക്ക് ട്രെയിൽ റേസുകൾ മുതിർന്നവർക്കും കുട്ടികൾക്കുമായി അഞ്ച് കിലോമീറ്റർ റൂട്ടിൽ ആവേശകരമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നിരവധി കായിക, ശാരീരിക ക്ഷമത പരിപാടികളും എജുക്കേഷൻ സിറ്റിയിൽ സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ ഫുട്ബാൾ മത്സരങ്ങളുടെ കലാശപ്പോരാട്ടവും എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കും.
ഓക്സിജൻ പാർക്കിലെ ഫാമിലി സോൺ, സെറിമോണിയൽ കോർട്ട് എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ദേശീയ കായികദിനത്തോടനുബന്ധിച്ച് ജനപ്രിയമായ തോർബ കാർഷികച്ചന്തയും ദിവസം മുഴുവൻ സന്ദർശകർക്കായി തുറന്നുകൊടുക്കും.
ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പ്രഥമ ഹാഫ് മാരത്തണിന് കായിക ദിനത്തിൽ തുടക്കമാകും. ചൊവ്വാഴ്ച ലുസൈൽ ബൊളിവാർഡ് വേദിയാകുന്ന മാരത്തണിൽ നൂറിലേറെ രാജ്യക്കാരായ ആയിരങ്ങൾ ഓടാനിറങ്ങും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കി.മീ, അഞ്ച് കി.മീ, ആറ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. ഹാഫ് മാരത്തൺ രാവിലെ ആറിന് ആരംഭിക്കും, തുടർന്ന് 10 കിലോമീറ്റർ ഓട്ടം രാവിലെ ഏഴിനും അഞ്ച് കി.മീ ഓട്ടം രാവിലെ 7.30നും ആരംഭിക്കും.
വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് വൻ തുകയാണ് സമ്മാനമായി നൽകുന്നത്. ഹാഫ് മാരത്തണിൽ 10,000 റിയാലും 15,000 റിയാലുമായി ഓപൺ, അൽ അദാം കാറ്റഗറികളിലായി സമ്മാനം നൽകും. കാണികളായി എത്തുന്നവർക്ക് ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് ക്യു.ഒ.സി നിരവധി കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അത്ലറ്റിക്സ്, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ, ഷൂട്ടിങ്, വോളിബാൾ, ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങളാണ് നടക്കുക.
രാത്രിയിലും ആഘോഷമാക്കിയാണ് മുശൈരിബ് ഡൗൺടൗൺ കായിക ദിനം ആഘോഷിക്കുന്നത്. വിസിറ്റ് ഖത്തർ നേതൃത്വത്തിൽ വൈകീട്ട് 5.50 മുതൽ എം.സെവൻ ബിൽഡിങ്ങിന് സമീപത്തായാണ് നൈറ്റ് ഫൺ റണിന് തുടക്കം. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഫൺ റൺ.
രാവിലെ എട്ട് മുതൽ ബർഹാത് മുശൈരിബിലെ സ്പോർട്സ് വില്ലേജിൽ വിവിധ പരിപാടികൾക്ക് തുടക്കമാകും. വെർച്വലും റിയലുമായി സ്പോർട്സ് ഇനങ്ങളാണ് ഒരുക്കുന്നത്. ഏറ്റവും ഒടുവിലായി ഡ്രോൺ ഷോയും അരങ്ങേറും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.