ദോഹ: ഖത്തർ ഫൗണ്ടേഷന്റെ എർത്ന സെന്റർ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചർ സംഘടിപ്പിക്കുന്ന ഖത്തർ സുസ്ഥിരതാ വാരത്തിന്റെ ഭാഗമായി ഖത്തർ മ്യൂസിയംസ് സംരംഭമായ ടീൻ ഹബ് രാജ്യത്തെ യുവാക്കൾക്കായി യൂത്ത് ഫെസ്റ്റ് -25 ആരംഭിച്ചു. സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കുന്നതിൽ യുവാക്കളുടെ നേതൃപരമായ പങ്ക് വളർത്തികൊണ്ടുവരികയെന്ന ലക്ഷ്യവുമായി നവംബർ എട്ടുവരെ അൽ ബിദ പാർക്കിലെ ടീൻ ഹബ്ബിൽ വെച്ചാണ് യൂത്ത് ഫെസ്റ്റ് നടക്കുക.
ഉദ്ഘാടന -സമാപന ദിവസങ്ങളിൽ യുവജനങ്ങളുടെ കലാപ്രകടനങ്ങൾ, പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉൾക്കൊള്ളുന്ന സ്ട്രീറ്റ് ഫുഡ്, യുവ കരകൗശല വിദഗ്ധരുടെയും സ്റ്റാർട്ടപ്പുകളുടെയും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന യൂത്ത് ബസാർ എന്നിവയും സംഘടിപ്പിക്കും. യുവാക്കളുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി -സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ രണ്ടു മുതൽ 6 വരെയുള്ള ദിവസങ്ങളിൽ നിരവധി വർക്ക്ഷോപ്പുകളും സെഷനുകളും ടീൻ ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
കമ്പോസ്റ്റിങ്, മാലിന്യ നിർമാർജനം, പുനരുപയോഗിച്ച് നിർമിക്കുന്ന കലാരൂപങ്ങൾ, സ്വയം പരിചരണം എന്നീ വിഷയങ്ങളിലാണ് വർക്ക്ഷോപ്പുകൾ നടക്കുക. യുവാക്കൾക്കിടയിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിനും ക്രിയാത്മകമായ മാറ്റങ്ങൾക്കുവേണ്ടി അവരം ശാക്തീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഖത്തർ മ്യൂസിയംസ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളുമായും കമ്യൂണിറ്റി പങ്കാളികളുമായും സഹകരിച്ച് പൊതുജനങ്ങൾക്കായി പ്രത്യേക പരിപാടികളും യൂത്ത് ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.