ഖത്തർ കലാഞ്ജലി സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു
ദോഹ: ഖത്തർ "കലാഞ്ജലി’ കലോത്സവത്തിൽ മൂന്നാം തവണയും എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് കിരീടം. ആവേശകരമായ മത്സരത്തിൽ 1610 പോയന്റ് നേടിയാണ് എം.ഇ.എസ് കിരീടം നിലനിർത്തിയത്. ഇത് മൂന്നാം തവണയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് കിരീടം ലഭിക്കുന്നത്.
ഖത്തർ കലാഞ്ജലി സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ഖത്തറിലെ 20 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം വിദ്യാർഥികൾ മാറ്റുരച്ച കലോത്സവത്തിൽ ബിർള പബ്ലിക് സ്കൂളിലെ വൈഷ്ണവി സുരേഷ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. രാജഗിരി പബ്ലിക് സ്കൂളിലെ ഗുരുഷാൻ സിങ് ആണ് കലാപ്രതിഭ. 912 പോയന്റുമായി രാജഗിരി പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും 520 പോയന്റുമായി ഐഡിയൽ ഇന്ത്യൻ സ്കൂൾ മൂന്നാംസ്ഥാനവും നേടി. വിദ്യാർഥികളെയും രക്ഷിതാക്കളെയും ആഘോഷത്തിമിർപ്പിലാഴ്ത്തിയ കലാഞ്ജലി ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഒക്ടോബർ 26നാണ് ആരംഭിച്ചത്. വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും കലാഞ്ജലി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി. ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കലാമേള അഭിനന്ദനാർഹമാണെന്നും തുടർവർഷങ്ങളിലെ കലാമേളയുടെ വിജയത്തിനായി എംബസിയുടെ സഹകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പാലക്കാട് ശ്രീരാമൻ, ഗായിക ആവണി, നാടക പ്രവർത്തകൻ ബിനോയ് നംബാല തുടങ്ങി കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ സമാപന സംസ്കാരിക സമ്മേളനത്തിൽ അതിഥികളായി എത്തിയിരുന്നു.
ഭിന്നശേഷി കുട്ടികൾക്കടക്കം വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു. കേരള സംസ്ഥാന യുവജനോത്സവത്തിന്റെ മാതൃകയിൽ നടന്ന കലോത്സവത്തിൽ 219 ഇനങ്ങൾ നാലു വേദികളിലായാണ് നടന്നത്. വേദി മയൂരിയിൽ നൃത്ത ഇനങ്ങളും അമൃത വർഷണിയിൽ സംഗീത മത്സരങ്ങളും സാഹിതി ഹാളിൽ സാഹിത്യ മത്സരങ്ങളും രംഗോലി ഹാളിൽ ചിത്രരചന മത്സരങ്ങളും നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ജഡ്ജിങ് പാനലായിരിന്നു മത്സരങ്ങളുടെ വിധി നിർണയിച്ചത്. കലാതിലകം, കലാപ്രതിഭ എന്നിവക്കുപുറമെ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ സ്കൂളിനും മത്സര വിജയികൾക്കും അംബാസഡർ വിപുൽ ഷീൽഡുകളും സർട്ടിഫിക്കറ്റുകളും കൈമാറി. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡികളുടെ അധ്യക്ഷന്മാരായ എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവസ് ബാവ, കലാഞ്ജലി ചെയർമാൻ ഹസൻ കുഞ്ഞി, ചലച്ചിത്ര നിർമാതാവ് ചന്ദ്രമോഹൻ പിള്ള കലാഞ്ജലി ജനറൽ കൺവീനർ ബിനുകുമാർ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ, ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീം ശൈഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.