ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ
ബാകിർ
ദോഹ: വിനോദസഞ്ചാരികളുടെയും ബിസിനസ് യാത്രക്കാരുടെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഖത്തർ ഇപ്പോഴും മുന്നിൽതന്നെയാണെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽബാകിർ. വ്യത്യസ്തവും ആകർഷകവുമായ പരിപാടികളും ഫെസ്റ്റുകളും എപ്പോഴും എല്ലാ സീസണിലും അവതരിപ്പിക്കുന്നതിനാൽ വർഷത്തിൽ ഏതു സമയവും സന്ദർശകർക്ക് ഖത്തർ മികച്ച അവസരം നൽകുമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിനോദ-സാംസ്കാരിക പ്രവർത്തനങ്ങൾ അവർക്ക് പ്രതീക്ഷിക്കാമെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ അക്ബർ അൽ ബാകിർ പറഞ്ഞു.
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനും ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവലും ഖത്തർ ടൂറിസം രാജ്യത്ത് അവതരിപ്പിക്കുന്ന നിരവധി ഇവന്റുകളിലൊന്നാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിൽനിന്നും നിരവധി സന്ദർശകരാണ് ഇവയിൽ പങ്കെടുക്കാനായി വർഷംതോറും ഖത്തറിലെത്തുന്നത്.
വരും മാസങ്ങളിലും നിരവധി പരിപാടികൾക്കും ചാമ്പ്യൻഷിപ്പുകൾക്കുമാണ് രാജ്യം ആതിഥ്യംവഹിക്കുന്നത്. ഒക്ടോബറിൽ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സും ജനീവ ഇന്റർനാഷനൽ മോട്ടോർഷോയും ഖത്തറിൽ നടക്കും. ആറ് മാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോ ഒക്ടോബറിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് വരെ നീണ്ടുനിൽക്കുന്ന മറ്റൊരു സുപ്രധാന പരിപാടിയാണ്.
തിരക്കേറിയ ജനക്കൂട്ടത്തിൽ നിന്നകന്നും ഫോട്ടോകളുടെ ശല്യമില്ലാതെയും സെലിബ്രിറ്റികൾക്കും വി.ഐ.പികൾക്കും അത്യാഡംബര ഔട്ട്ലറ്റുകളിൽ ഷോപ്പ് ചെയ്യാനും ഖത്തറിന്റെ തനത് രുചിഭേദങ്ങൾ ആസ്വദിക്കാനുമുള്ള കേന്ദ്രം കൂടിയാണ് ഖത്തറെന്നും അൽ ബാകിർ ചൂണ്ടിക്കാട്ടി.
ലോകകപ്പ് സംഘാടനത്തിന്റെ വിജയവും ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിൽ ഉണർവായതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്ന് എന്ന പദവിയും സന്ദർശകരെ ആകർഷിക്കുന്നതിലെ പ്രധാന കാരണമാവുന്നു.
ആംഗ്രി ബേർഡ്സ് വേൾഡ് പോലെയുള്ള വിവിധ തീം പാർക്കുകൾ, എല്ലാ പ്രായക്കാരുടെയും ഇഷ്ടകേന്ദ്രമായ കിഡ്സാനിയ തുടങ്ങിയ തീം പാർക്കുകൾ, മനോഹരമായ ബീച്ചുകൾ, സാംസ്കാരിക ആകർഷണങ്ങൾ, കായിക ഇവന്റുകൾ, കുടുംബ സൗഹൃദ ഹോട്ടലുകൾ എന്നിവ കാരണം അവധി ദിനങ്ങളിൽ കുടുംബങ്ങൾക്കും ഖത്തർ അനുയോജ്യമായ സ്ഥലമായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.തിരക്ക് പിടിച്ച ജീവിതത്തിലെ അവിസ്മരണീയ ഓർമകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് വിനോദം, സംസ്കാരം, വിശ്രമം എന്നിവയുടെ ഒരു സമ്പൂർണ സംയോജനമാണ് ഖത്തർ വാഗ്ദാനം ചെയ്യുന്നത്.ഖത്തറിന്റെ കുടുംബ സൗഹാർദ സൗകര്യങ്ങളും പരിപാടികളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ക്രോസ് റോഡുകളിൽ സ്ഥിതിചെയ്യുന്ന ഖത്തർ ലോകത്തിലെ തന്നെ പ്രമുഖ ആഗോള വിനോദ സഞ്ചാരകേന്ദ്രമായി മാറുമെന്നും ഖത്തർ എയർവേസ്, ഹമദ് രാജ്യാന്തര വിമാനത്താവളം എന്നിവയിലൂടെ തടസ്സമില്ലാത്ത യാത്രയും കണക്ടിവിറ്റിയും, എല്ലാത്തരം യാത്രകൾക്കും യാത്രക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന യാത്രാ പദ്ധതികളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അൽ ബാകിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.