എഐ ഉപയോഗത്തിൽ ഖത്തർ മുന്നേറ്റം
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നിലനിർത്തി ഖത്തർ. മൈക്രോസോഫ്റ്റ് പുറത്തുവിട്ട 2026 രണ്ടാം പാദത്തിലെ 'ഗ്ലോബൽ എ.ഐ ഡിഫ്യൂഷൻ റിപ്പോർട്ട്' പ്രകാരം ഖത്തർ പത്താം സ്ഥാനമാണ് നിലനിർത്തിയത്.
റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജോലി ചെയ്യാൻ പ്രാപ്തരായവരിൽ (15 മുതൽ 64 വയസ്സ് വരെയുള്ളവർ) 43.5 ശതമാനം ആളുകളും എ.ഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ വർഷം ഒന്നാം പാദത്തിൽ ഉണ്ടായിരുന്ന 41.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനം വർധനവാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. 43.5 ശതമാനം ഉപയോഗവുമായി നെതർലൻഡിന് തൊട്ടുപിന്നിലാണ് ഖത്തറുള്ളത്. ആസ്ത്രേലിയയാണ് (40.7) ഖത്തറിന് തൊട്ടുപിന്നിലുള്ളത്.
ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ സ്ഥാനം നിലനിർത്തുന്നത് രാജ്യത്തിന്റെ സുസ്ഥിരമായ പുരോഗതിയെയാണ് കാണിക്കുന്നത്. 2025 ആദ്യ പകുതിയിൽ 35.7 ശതമാനമായിരുന്ന ഖത്തറിലെ എ.ഐ ഉപയോക്താക്കളുടെ നിരക്ക്. സുസ്ഥിരമായ വളർച്ചയിലൂടെ ഇത് 2026 രണ്ടാം പാദത്തിൽ 43.5 ശതമാനമായി ഉയർന്നു.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വിദ്യാഭ്യാസം, എ.ഐ വികസന പദ്ധതികൾ എന്നിവയിൽ നടത്തിയ വലിയ നിക്ഷേപങ്ങളാണ് രാജ്യത്തിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്. കൂടാതെ, രാജ്യത്തെ ഉയർന്ന ഇന്റർനെറ്റ് ഉപയോഗവും യുവാക്കളുടെ സജീവ പങ്കാളിത്തവും എ.ഐ വളർച്ചക്ക് കരുത്തായി.
73.3 ശതമാനം ഉപയോഗവുമായി യു.എ.ഇയാണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ (64.3), അയർലൻഡ് (49.9), ഫ്രാൻസ് (49.6), നോർവേ (49.4), സ്പെയിൻ (45.1), ന്യൂസിലാൻഡ് (44.1), ബ്രിട്ടൻ (43.7) എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. 15 -64 നും ഇടയിൽ പ്രായമുള്ളവരിൽ എത്ര ശതമാനം പേർ എ.ഐ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് സൂചിക തയാറാക്കുന്നത്. ഓരോ രാജ്യത്തെയും ഓപ്പറേറ്റിങ് സിസ്റ്റം, ഡിവൈസ് മാർക്കറ്റ് ഷെയർ, ഇന്റർനെറ്റ് ലഭ്യത, ജനസംഖ്യ എന്നിവ വിശകലനം ചെയ്ത് ക്രമീകരിച്ചാണ് അന്തിമ പട്ടിക പുറത്തുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.