വനിത ലോകകപ്പിന്റെ ഭാഗമായി ആസ്ട്രേലിയൻ സർക്കാർ പുറത്തിറക്കിയ ‘ലെഗസി 23’ പ്ലാൻ
ദോഹ: ലോക കായികമേളകളുടെ സംഘാടനത്തിൽ ഒരുപിടി മാതൃകകൾ സൃഷ്ടിച്ചായിരുന്നു ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് കഴിഞ്ഞ ഡിസംബറിൽ കൊടിയിറങ്ങിയത്. 75 കി.മീ. പരിധിയിൽ ഒരു നഗരത്തിലൊതുങ്ങിയ ആദ്യ ലോകകപ്പ് മുതൽ കാണികളുടെയും കളിക്കാരുടെയും അനുഭവങ്ങളിൽ ഖത്തർ അതിവിശിഷ്ടമായ ഒന്നായി മാറി. ഖത്തർ സൃഷ്ടിച്ച മാതൃകകൾ കളിക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാണികളും മാധ്യമങ്ങളും പ്രശംസിക്കുകയും പലരും പകർത്തുകയും ചെയ്തെന്നതും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാൾ കളത്തിൽനിന്ന് ഖത്തറിന്റെ മാതൃകയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വാർത്തകളെത്തുന്നു. ലോകകപ്പ് സംഘാടനത്തിലും നടത്തിപ്പിലും ഖത്തർ പിന്തുടർന്ന ‘ലെഗസി’ പദ്ധതികളെയാണ് ആസ്ട്രേലിയയും തങ്ങളുടെ ലോകകപ്പ് സംഘാടനത്തിൽ പിന്തുടരുന്നത്.
2023ലെ വനിത ലോകകപ്പിന് ന്യൂസിലൻഡുമായി ടൂർണമെന്റിന്റെ സഹ ആതിഥേയത്വത്തിനുള്ള ബിഡ് വിജയിച്ച് ആറുമാസത്തിന് ശേഷമാണ് രാജ്യത്തെ കായിക ഭൂമികയെ പരിവർത്തിപ്പിക്കുന്നതിനുള്ള വഴിയായി ടൂർണമെന്റിനെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ലെഗസി പദ്ധതിക്ക് ആസ്ട്രേലിയ തുടക്കംകുറിക്കുന്നത്. ‘ലെഗസി 23’ എന്ന് പേരിട്ടിരിക്കുന്ന വനിത ലോകകപ്പ് പൈതൃക പദ്ധതിയെക്കുറിച്ച് ഫോർബ്സിന് നൽകിയ അഭിമുഖത്തിൽ, ലോകകപ്പ് ലെഗസി പദ്ധതികളുമായി ബന്ധപ്പെട്ട് ഖത്തർ ചെയ്ത കാര്യങ്ങളെ സൂക്ഷമമായി ശ്രദ്ധിച്ചിരുന്നുവെന്ന് ഫുട്ബാൾ ആസ്ട്രേലിയയുടെ സി.ഇ.ഒ ജെയിംസ് ജോൺസൺ പറഞ്ഞു. നഗര അടിസ്ഥാന സൗകര്യങ്ങൾ, ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ, പുതിയ സ്റ്റേഡിയങ്ങൾ എന്നിവയിൽ മാത്രമൊതുങ്ങുന്നതല്ല ഖത്തറിന്റെ ലെഗസി പദ്ധതികളെന്നും ആധുനിക സൗകര്യങ്ങളോടെയുള്ള ഗതാഗത സംവിധാനങ്ങളിലും ഖത്തർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022ലെ ഫിഫ ലോകകപ്പിനെ ഉപയോഗിച്ച് അത്യാധുനിക സ്റ്റേഡിയങ്ങളും ഗതാഗത സംവിധാനങ്ങളുമുൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഖത്തർ ആഗോള തലത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിരുന്നു. ഇപ്പോഴും ഖത്തർ ലോകകപ്പിന്റെ പാരമ്പര്യം കായികമേഖലയുടെ അതിരുകൾക്കപ്പുറത്തേക്ക് ചലിക്കുന്നത് തുടരുകയും ചെയ്യുന്നു. മേഖലയുടെ സാമൂഹിക, സാമ്പത്തിക വളർച്ചയിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്താനും ഖത്തർ ലോകകപ്പിന് സാധിച്ചു. പുരുഷ ലോകകപ്പിന്റെ അത്രത്തോളമില്ലെങ്കിലും വനിത ലോകകപ്പിനെ ഉപയോഗപ്പെടുത്തി ഖത്തറിനെ അനുകരിക്കാനുള്ള ഫുട്ബാൾ ആസ്ട്രേലിയയുടെ ശ്രമങ്ങൾ ശ്രദ്ധേയമാണ്.
ലോകകപ്പിന്റെ ലെഗസി പദ്ധതികളിലേക്ക് ഖത്തർ ഗവൺമെന്റ് നൽകുന്ന നിക്ഷേപത്തിന്റെ തോത് ഒരിക്കലും ലഭിക്കില്ലെന്നറിയാം. എന്നാൽ, ഖത്തർ നൽകിയ ചട്ടക്കൂടും തന്ത്രവും പരിശോധിച്ച് അത് പിന്തുടരാൻ പ്രചോദനം നൽകിയതായി ജെയിംസ് ജോൺസൺ വ്യക്തമാക്കി. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളോടെയാണ് ‘ലെഗസി 23’ ആസ്ട്രേലിയ വിഭാവനം ചെയ്തത്. രാജ്യത്തുടനീളം കളിയെ പ്രോത്സാഹിപ്പിച്ച് പങ്കാളിത്തം വർധിപ്പിക്കുക, വർധിച്ച നിക്ഷേപത്തിന് സർക്കാറുകളുമായി സഹകരിക്കുക, ലോകകപ്പിനുള്ള തയാറെടുപ്പിനായി ദേശീയ വനിത ടീമിനായി ഉയർന്ന പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും വിശദീകരിച്ചു.
ലോകകപ്പ് പൈതൃക പദ്ധതികളെക്കുറിച്ചറിയാൻ 2022ലെ വനിത യൂറോ, 2022ലെ ഖത്തർ ലോകകപ്പ്, 1994ലെ പുരുഷ ലോകകപ്പ്, 1999ലെ വനിത ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകളെ സൂക്ഷ്മമായി പഠിച്ചെന്നും ജോൺസൺ കൂട്ടിച്ചേർത്തു. ദേശീയ ടീമിന്റെ ഗ്രൂപ്പിലെ ആദ്യ മത്സര സ്റ്റേഡിയം സിഡ്നി ഫുട്ബാൾ സ്റ്റേഡിയത്തിൽനിന്ന് ആസ്ട്രേലിയയിലേക്ക് മാറ്റിയത് ഇതിന്റെ ഉദാഹരണമാണെന്നും രാജ്യത്ത് നടന്ന ഒരു വനിത മത്സരത്തിനെത്തുന്ന കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോഡ് അവിടെ കുറിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആതിഥേയ രാജ്യങ്ങളുടെ അതിർത്തിയിൽനിന്ന് ഏഷ്യ-ഓഷ്യാനിയയിലെ വിശാലമായ ഭൂമികയിലേക്ക് ടൂർണമെന്റ് സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
‘ലെഗസി 23’ന്റെ ഭാഗമായി 2022 ഫെബ്രുവരിയിൽ ആസ്ട്രേലിയയിൽ നടന്ന ലെഗസി കപ്പിന്റെ ട്രോഫി പുറത്തിറക്കുന്നു
ദേശീയ വനിത ടീമിന്റെ തയാറെടുപ്പുകളുടെ ഭാഗമായി മുഴുവൻ ടോപ്പ് ടെൻ ടീമുകളുമായും ‘മട്ടിൽഡാസ്’ എന്ന വിളിപ്പേരുള്ള ദേശീയ ടീം മത്സരിച്ചെന്നും 2020ന്റെ തുടക്കത്തിലുണ്ടായിരുന്ന ബലഹീനതകളെ തിരിച്ചറിയാനും പരിഹരിക്കാനും ഇത് ഉപകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.