ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡികളുടെ പ്രസിഡന്റ് പദവിൽ നിലവിലെ ഭാരവാഹികൾക്ക് രണ്ടാമൂഴം. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റുമാരായി എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുൽ റഹ്മാൻ എന്നിവരെ തന്നെ തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് വൈകീട്ട് ആറോടെ പൂർത്തിയായി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫല പ്രഖ്യാപനവും വന്നു. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിലായിരുന്നു മൂന്ന് അപെക്സ് ബോഡികളുടെയും പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, എ.ഒ അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഐ.സി.സി പ്രസിഡന്റ് പദവിയിലേക്ക് എ.പി. മണികണ്ഠൻ മികച്ച ലീഡുമായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയായ ഷെജി വലിയകത്തിനെ 523 വോട്ടിന്റെ ലീഡിലാണ് തോൽപിച്ചത്. നിലവിലെ പ്രസിഡന്റ് കൂടിയായ മണികണ്ഠൻ 1222 വോട്ട് നേടിയപ്പോൾ, മുൻ ഐ.എസ്.സി ഭാരവാഹിയായ ഷെജി വലിയകത്തിന് 699 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഖത്തറിലെ സാമൂഹിക, സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായ മണികണ്ഠൻ ഐ.സി.സി പ്രസിഡന്റ് പദവിയിൽ മൂന്നാം തവണയാണ് എത്തുന്നത്.
ഐ.സി.ബി.എഫിൽ നിലവിലെ പ്രസിഡന്റായ ഷാനവാസ് ബാവ വമ്പൻ ലീഡുമായി വിജയം സ്വന്തമാക്കി. ആകെ പോൾ ചെയ്ത 6203 വോട്ടിൽ 3856 വോട്ടും നേടിയാണ് ഷാനവാസ് ബാവക്ക് ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ രണ്ടാമൂഴം നൽകിയത്. 1558 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. എതിരാളിയായ സാബിത് സഹീറിന് 2298 വോട്ടും മൂന്നാം സ്ഥാനത്തുള്ള സിഹാസ് ബാബുവിന് 49 വോട്ടുമേ നേടാനായുള്ളൂ. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് പദവിയിൽ ഖത്തറിലെ പ്രമുഖ സംഘാടകനും ബിസിനസുകാരനുമായ ഇ.പി. അബ്ദുൽറഹ്മാൻ അനായാസ വിജയം നേടി. ആകെ പോൾ ചെയ്തതിൽ 70 ശതമാനം വോട്ടും അദ്ദേഹം നേടി 662 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. ഇ.പി. അബ്ദുൽ റഹ്മാന് 1155 വോട്ടും എതിരാളിയായ ആഷിഖ് അഹമ്മദിന് 493 വോട്ടുമാണുള്ളത്.
ഐ.സി.സി
പ്രസിഡന്റ്: എ.പി. മണികണ്ഠൻ (1222 വോട്ട്)
മാനേജിങ് കമ്മിറ്റി അംഗങ്ങൾ: എബ്രഹാം ജോസഫ് (1295), നന്ദിനി അബ്ബഗൗനി (1218), അഫ്സൽ അബ്ദുൽ മജീദ് (1096), ശാന്താനു ദേശ്പാണ്ഡേ (1088).
എ.ഒ പ്രതിനിധികൾ: പ്രദീപ് പിള്ളൈ, രവീന്ദ്ര പ്രസാദ് സുബ്രമണ്യൻ, സന്ദീപ് ശ്രീറാം റെഡ്ഡി.
ഐ.സി.ബി.എഫ്
പ്രസിഡന്റ്: ഷാനവാസ് ബാവ (3856 വോട്ട്)
മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ദീപക് ഷെട്ടി (3868), ജാഫർ തയ്യിൽ (3781), നിർമല ഗുരു (3533), റഷീദ് അഹമ്മദ് (3421).
എ.ഒ പ്രതിനിധി: നിസാമുദ്ദീൻ ഖാജ.
ഐ.എസ്.സി
പ്രസിഡന്റ്: ഇ.പി അബ്ദുൽറഹ്മാൻ (1155 വോട്ട്).
മാനേജിങ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ ബഷീർ തുവാരിക്കൽ (1257), ഹംസ യൂസുഫ് (1224), കവിത മഹേന്ദ്രൻ (1146), ദീപക് ചുക്കാല (1117).
എ.ഒ പ്രതിനിധി: അബ്ദുൽ അസീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.